കാലാതീതമാണ് പ്രണയം

WEBDUNIA|

മലയാളികളുടെ മനസ്സില്‍ കുറെ ദശകങ്ങളായി തരളിതമാക്കിയ ഒരു പ്രേമാനുഭൂതിയാണ് ചങ്ങന്പുഴയുടെ രമണന്‍. ചങ്ങന്പുഴ കൃഷ്ണപിള്ള തന്‍െറ ജീവിതാനുഭവത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു മനോഹരമായ പ്രേമകാവ്യമാണ് രമണന്‍.

സകലപ്രതാപഐശ്വര്യങ്ങളോടും കൂടി വാഴുന്ന രൂപവതിയായ ചന്ദ്രികയാണ് ചങ്ങന്പുഴയുടെ നായിക. വിളിച്ചാല്‍ വിളികേള്‍ക്കാനും അനുസരിക്കാനും അരികെ ഒരുപാടാളുകള്‍, പ്രതാപിയായ അച്ഛന്‍െറ അരുമ സന്താനം. ഒന്നിനും ഒരു കുറവുമില്ലാതെ വളര്‍ന്ന അവളുടെ മനസ്സില്‍ കുടിയേറാന്‍ കിട്ടിയത് വെറുമൊരു ആട്ടിടയനായ രമണനാണ്.

ആട്ടിടയനായ രമണന്‍െറ പ്രേമം ചന്ദ്രികയ്ക്ക് ജീവസ്സംഗീതമായിരുന്നു. ഈ പ്രേമം ഒളിഞ്ഞും തെളിഞ്ഞും ഒരു കാട്ടരുവിപോലെ പതഞ്ഞൊഴുകി. ചന്ദ്രികക്ക് കൂട്ടിന് തോഴികളുണ്ടായിരുന്നു. രമണനാവട്ടെ ഒറ്റ തോഴനായ മദനനും. അങ്ങിനെ അവരുടെ അനുരാഗം പൂത്തുലഞ്ഞു.

ഈ മധുരാനുരാഗം ചന്ദ്രികയുടെ മാതാപിതാക്കള്‍ അറിയാനിടവരുകയും നിര്‍വിഘ്നം ഒഴുകുന്ന ഈ പ്രണയത്തിന് അവര്‍ തടയിട്ടു.

പാവം കാമുകന് അവന്‍െറ കാമുകനോട് സംസാരിക്കാനോ കാണാനോ പറ്റില്ലെന്നായി. ചന്ദ്രിക അച്ഛന്‍െറ നിര്‍ബന്ധത്തിന് വഴങ്ങി സുമംഗലിയാവാന്‍ ഒരുങ്ങുന്നു. കാമുകിയില്‍ നിന്നും വേര്‍പെട്ട രമണന്‍ തപിക്കുന്ന മനസ്സോടെ കാനനഛായയില്‍ വേണുവൂതിക്കഴിഞ്ഞു. ഒരിക്കല്‍ ഈ വേണുനാദത്തിന്മനസ്സിന്നറകള്‍ തുറന്നിട്ട ചന്ദ്രിക ഇന്ന് തന്‍െറ അറയുടെ വാതായനങ്ങള്‍ പോലും തുറക്കാത്ത സ്ഥിതിയിലാണ്. ഈ മനോഹര പ്രണയത്തെക്കുറിച്ചോര്‍ത്ത് രമണന്‍ ഭഗ്നഹൃദയനാവുന്നു.

അതിഭാവുകത്വത്തോടെ ലളിതമായി ശൈലിയില്‍ ചങ്ങന്പുഴ കവിതാശില്പങ്ങളായി വാര്‍ത്തെടുക്കുന്നു. പ്രേമനൈരാശ്യത്താല്‍ തളര്‍ന്നവശനായ കാമുകന്‍, രമണന്‍ ഒടുക്കം ജീവിതമവസാനിപ്പിക്കുന്നു. ദു:ഖപര്യവസായിയായ ഈ പ്രേമകഥ, പ്രണയദു:ഖ തൂലികകളായ് മലയാള നാടിനെ ഈറനണിയിച്ചു.

ഒരു കാലത്ത് കേരള ജനതയെ, പുളകം കൊള്ളിച്ച ചങ്ങന്പുഴയുടെ, ഈ പ്രണയ കാവ്യം, മാടത്തുമാളികയിലും ഒരു പോലെ പാറി നടന്നു.

ഇന്നും കാമുകീ കാമുകന്മാരെ രമണനെന്നും ചന്ദ്രികയെന്നും വിളിച്ച് കളിപറയാറുണ്ട്. ലക്ഷക്കണക്കിന് കാമുക ഹൃദയങ്ങള്‍ക്ക് ഇന്നും രമണന്‍ ഒരു പ്രചോദനമാണെന്നതിനു സംശയമില്ല.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :