എന്ന് സ്വന്തം വാലന്‍റൈന്‍...

WEBDUNIA|


വാലൈന്‍റൈന്‍ ദിനം.

ആര്‍ദ്രത തുളുമ്പുന്ന ഒരു വാക്ക് അല്ലെങ്കില്‍ വാചകം അതുമല്ലെങ്കില്‍ ഹൃദയത്തില്‍ സൂക്ഷിക്കാനായി ഒരു ഉപഹാരം പ്രണേതാവിന് കൈമാറാനായി കാത്തിരിക്കുന്നവര്‍ തീര്‍ച്ചയായും വാലന്‍റൈന്‍ പാതിരിയെ ഓര്‍മ്മിക്കും...പ്രണയത്തിന്‍റെ കയ്യൊപ്പ് സ്വന്തം ജീവിതം കൊണ്ട് എഴുതി ചേര്‍ത്ത കാമുകനായ വാലൈന്‍റൈനെ.

പ്രണയാനുഭവങ്ങള്‍ സഫലമായതല്ലെങ്കിലും തീവ്രമായി സ്വീകരിക്കപ്പെട്ടതിന്‍റെ കഥകള്‍ എന്നും കോരിത്തരിപ്പിക്കുന്നവയാണ്. വാലന്‍റൈന്‍ എന്ന പ്രണയനായകന്‍റെ ഉദാത്ത സ്നേഹത്തിന്‍റെ ഓര്‍മ്മ ദിനമാണ് വാലന്‍റൈന്‍ ദിനം. എ ഡി 270 ഫെബ്രുവരി 14 ന് ആയിരുന്നു വാലന്‍റൈനെ റോമന്‍ ഭരണകൂടം വധിച്ചത്.

നൂറ്റാണ്ടുകള്‍ പിന്നോട്ട് പോയാല്‍ എക്കാലത്തെയും പ്രണേതാക്കള്‍ക്ക് വാലൈന്‍റൈന്‍റെ തപ്ത നിശ്വാസങ്ങള്‍ കേള്‍ക്കാനായേക്കാം. കുറേക്കൂടി ശ്രദ്ധിച്ചാല്‍ പ്രണയത്തിന്‍റെ അവസാന വാചകം, ''നിന്‍റെ സ്വന്തം വാലന്‍റൈന്‍" ഇന്നും ജീവസ്സുറ്റതായി നില്‍ക്കുന്നതും കാണാം.

റോമന്‍ രാജാവ് ക്ളോഡിയസിന്‍റെ ഭരണകാലത്താണ് വാലന്‍റൈന്‍ പ്രണയത്തിനു വേണ്ടി ജീവന്‍ നല്‍കിയത്. അക്കാലത്ത് റോമന്‍ ഭരണകൂടം വിവാഹത്തെ എതിര്‍ത്തിരുന്നു. വിവാഹിതരാവാത്ത പുരുഷന്മാരെ സൈനികസേവനത്തിന് ഉപയോഗിക്കുകയായിരുന്നു രാജതന്ത്രം.

വിവാഹത്തിന് അനുകൂലമായി വാദിച്ചിരുന്ന വാലന്‍റൈന്‍, രാജാവിന്‍റെ അപ്രീതിക്ക് പാത്രമാവാനും തുറുങ്കിലാവാനും അധികസമയം വേണ്ടിവന്നില്ല. തുറുങ്കിലായിരുന്നിട്ടുകൂടി വാലന്‍റൈനിന്‍റെ കാമുകഹൃദയം അടങ്ങിയിരുന്നില്ല. അതിന്‍റെ തുടിപ്പുകള്‍ക്ക് മറുപടി ലഭിച്ചതോ ജയില്‍ അധികാരിയുടെ മകളില്‍ നിന്നും!

അതിശക്തമായ പ്രണയ സപര്യയ്ക്കായിരുന്നു വാലന്‍റൈനെ അടച്ച റോമന്‍ ജയില്‍ സാക്‍ഷ്യംവഹിച്ചത്. മരണം മുന്നില്‍ കണ്ടുകൊണ്ടുള്ള ആ കാമുകഹൃദയം അവസാനമായി കാമുകിക്ക് എഴുതിയ സന്ദേശത്തില്‍ ഇങ്ങിനെ എഴുതി, ''നിന്‍റെ സ്വന്തം വാലന്‍റൈന്‍". ആ വാചകം നൂറ്റാണ്ടുകളായി അലയൊലികൊള്ളുന്നു...കാമുക ഹൃദയങ്ങളിലൂടെ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :