റോച്ചുവിന് സ്‌നേഹത്തോടെ....

ശ്രീഹരി പുറനാട്ടുകര

WD
പ്രിയ റോച്ചു,

ഒരു മൂന്നാം ലോക ദരിദ്രവാസിയായ ഞാനും കോര്‍പ്പറേറ്റ് മുഖത്തോടു കൂടിയ നീയും കൂട്ടുകാരായത് എങ്ങനെയാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. തുടക്കത്തില്‍ എന്‍റെ ഇ-മെയിലിലെ ഇംഗ്ലീഷ് കണ്ടിട്ട് വായിക്കുവാന്‍ നീ ഒരു പാട് ബുദ്ധിമുട്ടിയെന്ന് കാര്‍ത്തിക പറഞ്ഞു.

അതു നീ വലിയ കാര്യമായി എടുക്കേണ്ട. പഠിക്കുന്ന കാലത്ത് എന്‍റെ ഇംഗ്ലീഷ് അദ്ധ്യാപകര്‍ ഞാന്‍ എഴുതുന്ന ഇംഗ്ലീഷിന്‍റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ ഒരു പാട് നോക്കി. അവസാനം എന്‍റെ ഇംഗ്ലീഷിനെ അവര്‍ ‘പിടികിട്ടാപ്പുള്ളി‘യായി പ്രഖ്യാപിച്ചു.

നിന്‍റെ ഇംഗ്ലീഷ് എന്നെ ബുദ്ധിമുട്ടിച്ചുക്കൊണ്ടേയിരിക്കുന്നു. അതു കൊണ്ട് ഒരു ഗുണം ഉണ്ടായി. ഞാന്‍ നിഘണ്ടു നോക്കുവാന്‍ തുടങ്ങി. പണ്ട് ഒരു ഇംഗ്ലീഷ് വാക്ക് മനസ്സിലായില്ലെങ്കില്‍ വിട്ടു കളയാറാണ് പതിവ്. പക്ഷെ, നീ അയക്കുന്ന ഇ-മെയിലെ ഫുള്‍ സ്‌റ്റോപ്പിന്‍റെ അര്‍ത്ഥം പോലും മനസ്സിലാക്കി കഴിഞ്ഞതിനു ശേഷമേ എനിക്ക് ഉറക്കം വരാറുള്ളൂ. ബ്രഹ്‌മാവിനെ പറഞ്ഞിട്ടേ കാര്യമുള്ളൂ!

പിന്നെ പരമബോറനായ നിന്‍റെ പിതാവിന് സുഖം തന്നെയല്ലേ?.സൌദിയില്‍ നിന്ന് അമേരിക്കയിലേക്കുള്ള അദ്ദേഹത്തിന്‍റെ ചൂല് കയറ്റുമതി എങ്ങനെയുണ്ട്?ക്ഷമിക്കണം,തമാശയായിരുന്നു. ഒന്നു ചിരിച്ചേ.........

ബാംഗ്ലൂരെന്ന സ്വപ്‌ന നഗരത്തില്‍ നീ ഒഴുകി നടക്കുന്നത് കാണുവാന്‍ എന്തു രസമായിരിക്കും. പിസാ കട്ടും പെപ്‌സിയും യാതൊരു ദയയുമില്ലാതെ നീ തട്ടി വിട്ടു കൊണ്ടിരിക്കുകയാണെന്ന് അറിയുവാന്‍ കഴിഞ്ഞതില്‍ സന്തോഷം. എന്‍റെ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണല്ലോ നീ സിലിക്കണ്‍ വാലിയില്‍ ഒരു ദിവസം പൊടിച്ച് കളയുന്നത്. നല്ലത്.

എന്നിട്ടും നീ മദ്ധ്യവര്‍ഗക്കാരിയാണെന്ന് എന്നോട് പറയുന്നു. ബ്രിട്ടണ്‍ സന്ദര്‍ശിച്ച് രണ്ട് മാസം കൂടുമ്പോള്‍ ദുബായിലേക്ക് പറക്കുന്ന മദ്ധ്യവര്‍ഗക്കാരി.ഹീ,ഹീ,ഹീ.

ഇടയ്‌ക്ക് മാമലകള്‍ക്ക് അപ്പുറത്ത് കിടക്കുന്ന ഈ കൊച്ചു നാടിനെ കുറിച്ച് ഭവതി ഒന്ന് ആലോചിക്കണം.നീ ഇടയ്‌ക്ക് ഇങ്ങോട്ട് വരൂ. ഇവിടെ കുളവും പുഴയും സ്ഥിതി ചെയ്തിരുന്ന സ്ഥലങ്ങള്‍ ഞാന്‍ നിനക്ക് കാണിച്ചു തരാം. പക്ഷെ, ഒരു അപേക്ഷ.

നീ ഒരക്ഷരം മിണ്ടരുത്. എന്നെ ഭാഷാ സ്‌നേഹികള്‍ തല്ലിക്കൊല്ലും. പെണ്ണായതു കൊണ്ട് നിന്നെ വെറുതെ വിടും.

WEBDUNIA|
പ്രിയ സഖീ ഫോണ്‍ ചെയ്യുമ്പോള്‍ ‘വില്‍ യൂ പ്ലീസ് കോള്‍ മിസ്റ്റര്‍‌....‘ എന്നൊന്നും പറയരുത്. പാവം എന്‍റെ അമ്മ. എന്‍റെ അമ്മയായിയെന്നൊരു തെറ്റേ അവര്‍ ചെയ്തിട്ടുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :