സേവാഗ് പരിശീലനത്തില്‍ നിന്ന് വിട്ടു നിന്നു

നോട്ടിം‌ഗ്‌ഹാം| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (12:01 IST)
ഇന്ത്യന്‍ ടീമില്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ഉപനായകന്‍ വീരേന്ദര്‍ സേവാഗും തമ്മിലുള്ള ശീതയുദ്ധം മാധ്യമസൃഷ്ടിയെന്ന് പറഞ്ഞ് ടീം തള്ളിക്കളഞ്ഞെങ്കിലും സേവാഗും ഹര്‍ഭജനും കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനില്‍ നിന്ന് വിട്ടു നിന്നത് വീണ്ടും വിവാദമാവുന്നു. ഇതു സംബന്ധിച്ച് ടീം ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്‍കാത്തതാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്.

സേവാഗിനു പുറമെ ഹര്‍ഭജനും രോഹിത് ശര്‍മയും പരിശീലന സെഷനില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം വീക്ഷിക്കാനായി നിരവധി മാധ്യമപ്രതിനിധികള്‍ എത്തിയിരുന്നെകിലും ആരുമായും സംസാരിക്കാന്‍ ടീം അംഗങ്ങള്‍ തയ്യാറായില്ല.

ഇതു സംബന്ധിച്ച് വിവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ടീം അംഗങ്ങള്‍ മാധ്യമങ്ങളെ കാണണമെന്നത് നിര്‍ബന്ധമല്ലെന്നും ടീം മാനേജര്‍ അനിരുദ്ധ് ചൌധരി പറഞ്ഞു. ടീം അംഗങ്ങള്‍ ഒറ്റകെട്ടാണെന്ന് കാണിക്കാനായി എല്ലാം ടീമംഗങ്ങളെയും വിളിച്ച് മാധ്യമ സമ്മേളനം നടത്തിയതിനുശേഷം ഇന്ത്യന്‍ ടീമിലാരും മാധ്യമങ്ങളുമായി സംസാരിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരായ മത്സരശേഷം കളിയിലെ കേമയി തെരഞ്ഞെടുക്കപ്പെട്ട പ്രഗ്യാന്‍ ഓജ മാത്രമാണ് നായകന്‍ ധോണിയുടെ സാന്നിധ്യത്തില്‍ അവസാനമായി മാധ്യമങ്ങളെ കണ്ടത്.

സേവാഗ്-ധോണി ഭിന്നതയെക്കുറിച്ച് വാര്‍ത്ത വന്നശേഷം ഇന്ത്യന്‍ ടീം ഒന്നടങ്കം മാധ്യമങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് സേവാഗിന്‍റെ അസാന്നിധ്യത്തെ മാധ്യമങ്ങള്‍ക്ക് ഇഷ്ടമുളളപ്പോലെ വ്യാഖ്യാനിക്കാന്‍ ഐറ്റ നല്‍കുമെന്ന കാര്യം പോലും ടീം മാനേജ്‌മെന്‍റ് ശ്രദ്ധിച്ചിട്ടുമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :