സേവാഗും ധോണിയും തമ്മിലെന്ത്?

ലണ്ടന്‍| WEBDUNIA|
ട്വന്‍റി-20 ലോകകിരീടം നിലനിര്‍ത്താനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ക്യാമ്പില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് സൂചന. നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും വൈസ് ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗും തമ്മിലുളള പോരാണ് ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്. സേവാഗിന്‍റെ ചുമലിലെ പരിക്കിനെചൊല്ലി ടീം മീറ്റിംഗില്‍ ധോണിയും-സേവാഗും കൊമ്പു കോര്‍ത്തു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാനെതിരായ ഉജ്ജ്വല വിജയത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ധോണി സേവാഗിന്‍റെ പരിക്കിനെക്കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിച്ച രീതിയാണ് ഇരുവരും തമ്മിലുള്ള വാക്പ്പോരില്‍ കലാശിച്ചത്. സേവാഗിന്‍റെ പരിക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതിരുന്ന ധോണി ഇക്കാര്യം ടീം ഫിസിയോട് തന്നെ ചോദിക്കണമെന്നും പറഞ്ഞതാ‍ണ് വീരുവിനെ ചൊടിപ്പിച്ചത്.

രോഹിത് ശര്‍മ ഓപ്പണറായി തിളങ്ങിയതോടെ സേവാഗ് ഇനി ഏതു പൊസിഷനില്‍ ഇറങ്ങുമെന്ന ചോദ്യത്തിന് ധോണി പറഞ്ഞ മറുപടിയും വീരുവിനെ പ്രകോപിപ്പിട്ടുണ്ടെന്നാണ് കരുതുന്നത്. സേവാഗ് ഓപ്പണിംഗില്‍ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് സത്യം പറഞ്ഞാല്‍ തനിക്കറിയില്ലെന്നായിരുന്നു ധോണിയുടെ മറുപടി.

ഓപ്പണിംഗ് സ്ഥാനത്ത് പകരക്കാരില്ലാത്തതിനേക്കാള്‍ നല്ലത് പകരം വയ്ക്കാന്‍ ധാരാളം‌പ്പേര്‍ ഉണ്ടാവുന്നത് സന്തോഷകരമായ കാര്യമാണെന്നും ധോണി പറഞ്ഞിരുന്നു. എന്തായാലും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നതു തന്നെയാണ് ധോണിയുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :