സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

നോട്ടിംഗ്‌ഹാം| WEBDUNIA| Last Modified വ്യാഴം, 11 ജൂണ്‍ 2009 (11:41 IST)
ട്വന്‍റി-20യിലെ ചെറുമീനുകള്‍ക്കൊപ്പം ഓസ്ട്രേലിയ എന്ന തിമിംഗലത്തിനും യാത്രയയപ്പ് നല്‍കിയ പ്രാഥമിക റൌണ്ട് പോരാട്ടങ്ങള്‍ക്ക് സമാപനം. ഇന്ന് മുതല്‍ ഓരോ അണുവിലും ആവേശം നിറയ്ക്കുന്ന സൂപ്പര്‍ 8 പോരാട്ടങ്ങള്‍. നാലു ഗ്രൂപ്പില്‍ നിന്നെത്തിയെ എട്ടു ടീമുകളെ രണ്ട് ഗ്രൂപ്പാക്കി തിരിച്ചാണ് മത്സരങ്ങള്‍.

കരുത്തരായ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയ്യ്ക്ക് പുറത്തേക്കുള്ള വഴി തെളിച്ച വെസ്റ്റിന്‍ഡീസും ആതിഥേയരായ ഇംഗ്ലണ്ടും നിലവിലെ ചാമ്പ്യന്‍‌മാരാ‍യ ഇന്ത്യയും അടങ്ങുന്ന ഗ്രൂപ്പാണ് കടുപ്പമേറിയത്. രണ്ടം ഗ്രൂപ്പില്‍ നിലവിലെ റണ്ണറപ്പുകളായ പാകിസ്ഥാനും ശ്രീലങ്കയും അയര്‍ലന്‍ഡും ന്യൂസിലന്‍ഡും പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിന് അര്‍ഹത നേടുക.

സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ഇന്ന് ന്യസീലന്‍ഡ് അയര്‍ലന്‍ഡിനെയാണ് നേരിടുന്നത്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് രണ്ടാം മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം നാളെ വെസ്റ്റിന്‍ഡീസുമായാണ്. രണ്ടാം മത്സരം 14ന് ഇംഗ്ലണ്ടുമായും മൂന്നാം മത്സരം 16ന് ദക്ഷിണാഫ്രിക്കയുമായിട്ടാണ്.

പ്രമുഖ താരങ്ങളുടെ പരിക്ക് ന്യൂസിലന്‍ഡിനെ വലയ്ക്കുന്നുണ്ടെങ്കിലും അയര്‍ലന്‍ഡിനെതിരെ മുഴുവന്‍ പോയന്‍റും അവര്‍ ലക്‍ഷ്യമിടുന്നു. ഓള്‍റൗണ്ടര്‍മാര്‍ നിറഞ്ഞ കിവി ടീമിന് അയര്‍ലന്‍ഡിനുമേല്‍ കണക്കുകളിലെങ്കിലും വ്യക്തമായ മേധാവിത്തമുണ്ട്.

ഹോളണ്ടിനോട് തോറ്റ ഇംഗ്ലണ്ട്, പാകിസ്താനെതിരെ ഉജ്വല വിജയം നേടിയാണ് രണ്ടാം റൗണ്ടിലെത്തിയത്. വ്യാഴാഴ്ച അവര്‍ക്ക് എതിരിടേണ്ടത് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചതെന്ന് വിലയിരുത്തപ്പെടുന്ന രണ്ടു ടീമുകളിലൊന്നായ ദക്ഷിണാഫ്രിക്കയുമായാണ്. ഐ.പി.എല്‍.ക്രിക്കറ്റ് കളിച്ച് തെളിഞ്ഞ താരങ്ങളെ അണിനിരത്തുന്ന ദക്ഷിണാഫ്രിക്ക പ്രാഥമിക റൗണ്ടില്‍ രണ്ടു കളികളും ജയിച്ചു. അവസാന മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് ഒറ്റ റണ്ണിനാണ് അവര്‍ ജയിച്ചതെങ്കിലും നേരത്തെ തന്നെ, സൂപ്പര്‍ എട്ടില്‍ കടന്ന അവര്‍ വിജയത്തിനുവേണ്ടി കിണഞ്ഞുപൊരുതുക തന്നെ ചെയ്തു.

ദക്ഷിണാഫ്രിക്കയെപ്പോലെ ഐ.പി.എല്‍ മത്സരപരിചയമുള്ള കളിക്കാര്‍ ഇംഗ്ലണ്ട് ടീമിലുമുണ്ട്. അവരുടെ മുന്‍നായകന്‍ കെവിന്‍ പീറ്റേഴ്‌സണാണ് ഇതില്‍ മുമ്പന്‍. ഓള്‍റൗണ്ടര്‍ മസ്‌കരാനസാണ് ഐ.പി.എല്ലില്‍ തിളങ്ങിയ അവരുടെ മറ്റൊരു പ്രമുഖ താരം. മികച്ച സ്പിന്നര്‍മാരെയും പേസ് ബൗളര്‍മാരെയും അണിനിരത്തുന്ന ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് കടുത്ത വെല്ലുവിളിയാണ്. കളി അവസാന ഓവറിലേക്ക് വരെ നീളാം. സെമിഫൈനലില്‍ കടക്കാന്‍ ഓരോ മത്സരവും നിര്‍ണായകമായതിനാല്‍ കരുതലോടെയാവും ഇരു ടീമുകളുമിറങ്ങുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :