സമ്മര്‍ദ്ദം മികവ് പുറത്തെടുക്കും: ധോണി

ലണ്ടന്‍| WEBDUNIA| Last Modified ശനി, 13 ജൂണ്‍ 2009 (12:45 IST)
സമ്മര്‍ദ്ദമുണ്ടാവുമ്പോഴാണ് ടീം പൂര്‍ണ മികവിലേക്കുയരുന്നതെന്ന് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് എഴു വിക്കറ്റിന് പരാജയപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധോണി.

സൂപ്പര്‍ എട്ടിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചില്ലെങ്കില്‍ സെമിയിലെത്താതെ പുറത്താവുമെന്ന അവസ്ഥയിലാണ് നിലവിലെ ലോക ചാമ്പ്യന്‍‌മാര്‍. എന്നാല്‍ പരാജയത്തില്‍ ആശങ്കപ്പെടാനില്ലെന്നാണ് ക്യാപ്റ്റന്‍ കൂളിന്‍റെ മറുപടി. അടുത്ത മത്സരത്തില്‍ ജയിക്കുക അല്ലെങ്കില്‍ പുറത്തു പോകുക എന്ന അവസ്ഥയിലായിരിക്കും ഇന്ത്യ. എന്നാല്‍ കഴിഞ്ഞ ലോകകപ്പിലും ഇതുപോലത്തെ സ്ഥിതിവിശേഷം തന്നെയായിരുന്നു ഇന്ത്യക്ക് മുന്നിലെന്ന് ധോണി പറഞ്ഞു. കഴിഞ്ഞ ലോകകപ്പിലെ പ്രകടനം ഇവിടെയും ആവര്‍ത്തിക്കാന്‍ നമുക്ക് കഴിയും. ഇന്നലെ നമുക്ക് മോശം ദിവസമായിരുന്നു. വരുന്ന മത്സരങ്ങളില്‍ ഇതെല്ലാം മറന്ന് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷ. സമ്മര്‍ദ്ദ ഘട്ടങ്ങളിലാണ് ഇന്ത്യയുടെ മികച്ച പ്രകടനങ്ങള്‍ ഉണ്ടായിട്ടുളളത്. കഴിഞ്ഞത് കഴിഞ്ഞു. അതിനാല്‍ തന്നെ അടുത്ത മത്സരത്തിലാണ് ഞങ്ങളുടെ ശ്രദ്ധ.

വിന്‍ഡീസിനെതിരായ തോ‌ല്‍‌വിക്ക് കാരണം ബാറ്റിംഗ്, ഫീല്‍ഡിംഗ് പിഴവുകളാണ്. സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഞാന്‍ പുറത്തായത് തെറ്റായ സമയത്തായിരുന്നു. കുറച്ചു നേരം കൂടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ അവസാന ഓവറുകളിലെ ആഞ്ഞടിക്ക് അടിത്തറ ഒരുക്കാമായിരുന്നു.

എങ്കിലും യുവരാജിന്‍റേത് ഉജ്ജ്വല ഇന്നിംഗ്സായിരുന്നു. 153 റണ്‍സെന്ന താരതമ്യേന ചെറിയ സ്കോര്‍ പ്രതിരോധിക്കാന്‍ ബൌളര്‍മാര്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ മധ്യ ഓവറുകളിലെ ബ്രാവൊയുടെ ഇന്നിംഗ്സ് കാര്യങ്ങള്‍ മാറ്റിമറിച്ചു. ഒരു ബാറ്റ്‌സ്മാന്‍ ഇത്രയും ഫോമില്‍ നില്‍ക്കുമ്പോള്‍ എതിര്‍ ടീമിന് കാര്യമായൊന്നും ചെയ്യാനുണ്ടാവില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബാറ്റിംഗ് പരാജയപ്പെടിലെന്നാണ് പ്രതീക്ഷയെന്നും ധോണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :