സന്നാഹത്തിലും തനിയാവര്‍ത്തനം

ഓവല്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (10:56 IST)
കഴിഞ്ഞ തവണത്തെ ഫൈനലിന്‍റെ തനിയാവര്‍ത്തനമെന്ന് വിശേഷിപ്പിച്ച ട്വന്‍റി-20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യ-പാക് സന്നാഹ മത്സരം ഫലത്തിലും അക്ഷരാര്‍ത്ഥത്തില്‍ തനിയാവര്‍ത്തനമായി. പാകിസ്ഥാന്‍റെ 158 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ രോഹിത് ശര്‍മ അഴിച്ചുവിട്ട ബാറ്റിംഗ് കൊടുങ്കാറ്റിനു മുന്‍പില്‍ തീരെ ചെറുതായിപ്പോയപ്പോള്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം. 53 പന്തില്‍ 80 റണ്‍സുമായി രോഹിത് ഇന്ത്യന്‍ വിജയം ഉറപ്പിച്ച് മടങ്ങിയപ്പോള്‍ 47 പന്തില്‍ 52 റണ്‍സുമായി ഗംഭീറും ഒമ്പത് റണ്‍സുമായി നായകന്‍ ധോണിയും വിജയത്തിന് കൂട്ടായി നിന്നു.

നേരത്തെ ടോസ്‌ നേടി ആദ്യം ബാറ്റു ചെയ്‌ത പാക്കിസ്ഥാന്‍ ആദ്യ ഓ‍വറില്‍ത്തന്നെ ഷെഹ്സാദ്‌ ഹസന്‍റെ വിക്കറ്റ്‌ നഷ്ടമായി. എന്നാല്‍ പിന്നീട് നാല്‌ ഓ‍വറുകളില്‍ 45 റണ്‍സിലെത്തിയ പാക്കിസ്ഥാനെ മികച്ച ബൌളിംഗിലൂടെ ബൌളര്‍മാര്‍ മൂക്കുകയറിട്ടു. 45 റണ്‍സിലെത്തിയ ശേഷം ഒരു റണ്‍ പോലുമെടുക്കാന്‍ കഴിയും മുന്‍പേ മൂന്നുവിക്കറ്റുകള്‍ കൊഴിഞ്ഞത് പാക് സ്കോറിംഗിന്‍റെ വേഗം കുറച്ചു.

അഹമ്മദ്‌ ഷെഹ്സാദ്‌ (25), യൂനിസ്‌ ഖാന്‍ (32), മിസ്ബാഹ്‌ ഉല്‍ ഹഖ്‌ (37*), യാസിര്‍ അരാഫത്ത്‌ (25*)എന്നിവര്‍ തങ്ങളുടെ ദൗത്യം ഭംഗിയാക്കിയതോടെ പാക്കിസ്ഥാന്‍ 150 കടന്നു.സന്നാഹമല്‍സരത്തിനപ്പുറം ഒരു ഫൈനലിന്‍റെ യഥാര്‍ഥ ആവേശമാണു കെന്‍സിംഗ്ട്ണ ഓവല്‍ നിറഞ്ഞുകവിഞ്ഞ കാണികളില്‍ ജനിപ്പിച്ചത്‌. ആദ്യ സന്നാഹ മല്‍സരത്തില്‍ ന്യൂസിലന്‍ഡിനോടു തോറ്റതിന്‍റെ ക്ഷീണം തീര്‍ക്കാനും വിജയത്തോടെ ഇന്ത്യക്കായി.

ഗംഭീര്‍-രോഹിത് സഖ്യം വെറും പതിനാല്‌ ഓവറില്‍ അടിച്ചുകൂട്ടിയത് 140 റണ്‍സായിരുന്നു. ആമിന്‍റെ പന്തില്‍ ഷെഹ്സാദിനു ക്യാച്ച്‌ നല്‍കി രോഹിത്‌ മടങ്ങിയെങ്കിലും 17 ഓവറില്‍ നായകന്‍ ധോണി ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :