വെറ്റോറിയുടെ ആരോപണം ഗുല്‍ തള്ളി

കറാച്ചി| WEBDUNIA| Last Modified ബുധന്‍, 24 ജൂണ്‍ 2009 (13:06 IST)
ട്വന്‍റി-20 ലോകകപ്പില്‍ പന്ത്രണ്ടാം ഓവറില്‍ തന്നെ പാകിസ്ഥാന്‍ റിവേഴ്സ് സ്വിംഗ് കണ്ടെത്തിയത് സംശയാസ്പദമാണെന്ന ന്യൂസിലന്‍ഡ് നായകന്‍ ഡാനിയേല്‍ വെറ്റോറിയുടെ ആരോപണം പാക് ഫാസ്റ്റ് ബൌളര്‍ ഉമര്‍ ഗുല്‍ തള്ളി. റിവേഴ്സ് സ്വിംഗ് എന്നത് കഠിന പ്രയത്നത്തിലൂടെ ആര്‍ജിക്കേണ്ട കലയാണെന്നും വെറ്റോറിയുടെ ആരോപണത്തിന് പാക് ബോര്‍ഡ് മറുപടി നല്‍കിയിട്ടുണ്ടെന്നും ഗുല്‍ പറഞ്ഞു.

റിവേഴ്സ് സ്വിംഗ് എറിയാനാകുക എന്നത് ദൈവത്തിന്‍റെ വരദാനമാണ്. സ്ഥായിയായ പരിശീലനത്തിലൂടെ അത് മിനുക്കി എടുക്കേണ്ടതുണ്ട്. പാക് ബൌളര്‍മാരായിരുന്ന വസീം അക്രമിന്‍റെയും വഖാര്‍ യൂനിസിന്‍റെ വീഡിയോകള്‍ സസൂഷ്മം പഠിച്ചാണ് ഞാന്‍ റിവേഴ്സ് സ്വിംഗ് കല സ്വന്തമായി വികസിപ്പിച്ചെടുത്തത്.

എഷ്യന്‍ രാജ്യത്തിലെ ഏതെങ്കിലും ഒരു ബൌളര്‍ റിവേഴ്സ് സ്വിംഗ് എറിഞ്ഞ് തിളങ്ങിയാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആരോപണവുമായി രംഗത്ത് വരുന്നത് പതിവാണ്. ബൌളിംഗ് കോച്ച് അക്വിബ് ജാവേദിന്‍റെ സേവനങ്ങളും ലോകകപ്പ് നേടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഗുല്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ആറു റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തി ട്വന്‍റി-20യിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടത്തിന് ഉടമയായ ഗുല്ലിന്‍റെ ബൌളിംഗിനെതിരെയാണ് വെറ്റോറി സംശയം ഉന്നയിച്ചത്. പന്തില്‍ കൃത്രിമം കാട്ടിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും വെറ്റോറി ആരോപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :