റസാഖ് വീണ്ടും പാക് ടീമില്‍

ലണ്ടന്‍| WEBDUNIA| Last Modified വ്യാഴം, 11 ജൂണ്‍ 2009 (18:23 IST)
പരിക്കേറ്റ യാസിര്‍ അറഫാത്തിന് പകരം ഓള്‍‌റൌണ്ടര്‍ അബ്ദുള്‍ റസാഖ് ട്വന്‍റി - 20 ലോകകപ്പിന്‍റെ പാകിസ്ഥാന്‍ ടീമില്‍ ഇടം നേടി. അറഫാത്തിന് പകരം റസാഖിനെ ടീമില്‍ ഉള്‍പ്പെടുത്തിയ നടപടിക്ക് ഐസിസിയുടെ ട്വന്‍റി - 20 ലോകകപ്പ് ടെക്നിക്കല്‍ കമ്മിറ്റി അംഗീകാരം നല്‍കിയതായി ഐസിസിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പിലെ പാകിസ്ഥാന്‍റെ ആദ്യമത്സരത്തില്‍ കൈക്കുഴയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് അറഫാത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. അറഫാ‍ത്തിന് 12 ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചതായി ടീം മാനേജര്‍ യവാര്‍ സയീദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ടീം മാനേജ്മെന്‍റിന്‍റെ ആവശ്യപ്രകാരമാണ് അറഫാത്തിന് പകരക്കാരനായി റസാഖിനെ പിസിബി ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്. വിമത ക്രിക്കറ്റ് ലീഗില്‍ നിന്ന് ഏതാനും ദിവസം മുന്‍പാണ് റസാഖ് പിന്‍‌വാങ്ങിയത്. 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്‍റി - 20 ലോകകപ്പിനുള്ള പാക് ടീമില്‍ ഉള്‍പ്പെടുത്താത്തതി പ്രതിഷേധിച്ചായിരിന്നു റസാഖ് ഐസി‌എല്ലില്‍ ചേര്‍ന്നത്.

പാകിസ്ഥാന് വേണ്ടി 231 ഏകദിനങ്ങളും 46 ടെസ്റ്റുകളും കളിച്ചിട്ടുണ്ട് റസാഖ്. രാജത്തിന് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് റസാഖ് പറഞ്ഞു. വെള്ളിയാഴ്ച ലോര്‍ഡ്സില്‍ ശ്രീലങ്കക്കെതിരെയാണ് സൂപ്പര്‍ എട്ടില്‍ പ്രവേശിച്ച പാകിസ്ഥാന്‍റെ അടുത്ത മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :