മൂന്നില്‍ ഭാഗ്യം തേടി അഫ്രീദി

ലണ്ടന്‍| WEBDUNIA| Last Modified ശനി, 20 ജൂണ്‍ 2009 (12:25 IST)
ഒന്നില്‍ പിഴച്ചാല്‍ മുന്നെന്ന ചൊല്ല് അന്വര്‍ത്ഥമാക്കാനൊരുങ്ങുകയാണ് പാകിസ്ഥാന്‍റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷാഹിദ് അഫ്രീദി. 1999ലെ ലോകകപ്പ് ഫൈനലില്‍ ഓസീസ് കരുത്തിന് മുന്നില്‍ അടിയറവ് പറയുമ്പോള്‍ അഫ്രീദി പാക് ടീമിലെ ജൂനിയര്‍ അംഗമായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് ട്വന്‍റി-20 ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയ്ക്ക് മുന്നില്‍ കിരീടം അടിയറവെച്ചപ്പോഴും പാക് ടീമിലെ നിര്‍ണായക താരമായി അഫ്രീദിയുണ്ടായിരുന്നു.

ഞായറാഴ്ച ട്വന്‍റി-20 ലോകകപ്പിന്‍റെ ഫൈനലില്‍ ശ്രീലങ്കയെ നേരിടാനിറങ്ങുമ്പോള്‍ പാക് പ്രതീക്ഷകള്‍ ജ്വലിപ്പിക്കുന്നതും അഫ്രീദിയുടെ ബാറ്റിംഗും ബൌളിംഗും തന്നെയാണ്. സെമിയില്‍ ദക്ഷിണാഫ്രിക്കന്‍ ബൌളര്‍മാരെ നിലം തൊടാനനുവദിക്കാതിരുന്ന അഫ്രീദിയുടെ ബാറ്റിംഗും ലെഗ്സ്പിന്നും ഓപ്സ്പിന്നും വേഗമേറിയ പന്തുകളുമെല്ലാം പുറപ്പെടുന്ന അഫ്രീദിയുടെ വിരലുകളുമാണ് പാകിസ്ഥാന്‍റെ ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയത്.

ഇത്തവണ കപ്പ് നേടാന്‍ ഉറച്ചു തന്നെയാണെന്ന് അഫ്രീദി പറയുന്നു. ഇനിയൊരു പരാജയം തങ്ങള്‍ക്ക് താങ്ങാനാവിലെന്നും. എന്‍റെ സ്വന്തം നിലയ്ക്ക് ഞാനത് നേടാനാഗ്രഹിക്കുന്നു. കഴിഞ്ഞ കാല നിരാശകളെ കഴുകികളയാനുള്ള ഞങ്ങളുടെ സുവര്‍ണാവസരമാണിത്. എനിക്ക് എല്ലാ പിന്തുണയും നല്‍കിയ നായകന്‍ യൂനിസ് ഖാനോട് പ്രത്യേകം നന്ദിയുണ്ട്.

ദക്ഷിണാഫ്രിയ്ക്കക്കെതിരായ മത്സരത്തിന് മുന്‍പ് ഒന്നിനെയും പേടിക്കാതെ എന്‍റെ സ്വാഭാവിക കളി പുറത്തെടുക്കാന്‍ ഉപദേശിച്ചത് യുനിസായിരുന്നു. ഒരു സീനിയര്‍ താരമെന്ന നിലയ്ക്ക് ഉത്തരവാദിത്തമേറ്റെടുകണമെന്നും യൂനിസ് പ്രത്യേകം ഓര്‍മിപ്പിച്ചു. തന്നെ വിശ്വസിയ്ക്കുന്നവരെ നിരാശരാക്കാന്‍ തനിക്കാവില്ലെന്നും അഫ്രീദി പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം തവണയാണ് പാകിസ്ഥാന്‍ ട്വന്‍റി-20 ലോകകപ്പിന്‍റെ ഫൈനലിലെത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :