ബാറ്റ്സ്മാന്‍‌മാര്‍ തിളങ്ങിയില്ല: ധോണി

നോട്ടിംഗ്‌ഹാം| WEBDUNIA| Last Modified വ്യാഴം, 18 ജൂണ്‍ 2009 (16:54 IST)
ട്വന്‍റി - 20 സൂപ്പര്‍ എട്ടില്‍ അവസാന മത്സരത്തിലും പരാജയം ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം നിരാശപ്പെടുത്തിയെന്ന് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. ബാറ്റിംഗിലെ പരാജയമാണ് ടൂര്‍ണമെന്‍റില്‍ നിന്ന് ഇന്ത്യ നേരത്തെ പുറത്താകാന്‍ കാരണമെന്ന് ധോണി പറഞ്ഞു. താനടക്കമുള്ള പ്രധാന കളിക്കാര്‍ നൂറ് ശതമാനം ഫോമിലായിരുന്നില്ല. ഫീല്‍ഡിംഗിലും ധാരാളം പിഴവുകള്‍ സംഭവിച്ചു.

അപ്രതീക്ഷിതമായ പ്രകടനമാണ് കളിക്കാര്‍ കാഴ്ചവച്ചത്. അന്താരാഷ്ട്ര നിലവാരത്തിനൊത്ത പ്രകടനമായിരുന്നുല്ല ടീമിന്‍റേത്. ടീമിന്‍റെ മോശം പ്രകടനത്തിന് പലകാരണങ്ങളുണ്ടെന്ന് പറഞ്ഞ ധോണി കോച്ച് ഗാരി കേസ്റ്റന്‍റെ പ്രസ്താവന തള്ളിക്കളഞ്ഞു. 20 ഓവര്‍ മാത്രമുള്ള കളി എങ്ങനെയാണ് കളിക്കാരെ ക്ഷീണിപ്പിക്കുകയെന്ന് ധോണി ചോദിച്ചു.

എനിക്കൊരിക്കലും ക്ഷീണം തോന്നിയിട്ടില്ലെന്നും എല്ലാ ദിവസവും നെറ്റില്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് പരമ്പര കഴിഞ്ഞ ശേഷം തനിക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നു എന്നും ധോണി കൂട്ടിച്ചേര്‍ത്തു.

ക്ഷീണം പരാജയത്തിന് കാരണമായി തോന്നിയിട്ടില്ല. തെരഞ്ഞെടുത്ത ടീമില്‍ പലരും നൂറ് ശതമാനം ഫിറ്റ് ആയിരുന്നില്ല. ചിലര്‍ക്ക് ചുമലിനും മറ്റു ചിലര്‍ക്ക് കൈക്കുഴയ്ക്കും പരിക്കുണ്ടായിരുന്നു. ഇത് ഫീല്‍ഡിംഗിനെ ബാധിച്ചതായി ധോണി അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :