ഫൈനലില്‍ പാകിസ്ഥാന് രണ്ടാമൂഴം

ട്രെന്‍റ്‌ബ്രിഡ്ജ്| WEBDUNIA| Last Modified വെള്ളി, 19 ജൂണ്‍ 2009 (09:30 IST)
പടിക്കല്‍ കലമുടയ്ക്കുക എന്ന സ്വഭാവം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചപ്പോള്‍ ട്വന്‍റി-20- ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാന് തുടര്‍ച്ചയായ രണ്ടാമൂഴം.ബാറ്റിംഗിലും ബൌളിഗിലും ഒരു പോലെ ആഞ്ഞടിച്ച ഷാഹി ദ് അഫ്രിദിയുടെ മികവില്‍ ഏഴു റണ്‍സിനാണ് പാകിസ്ഥാന്‍ വിജയമാഘോഷിച്ചത്. സ്കോര്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 149/4. ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 142/5.

മുഹമദ് അമീര്‍ എറിഞ്ഞ അവസാന ഓവറില്‍ ദക്ഷിണാഫ്രിയ്ക്കയ്ക്ക് 23 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ റണ്‍സെടുക്കാന്‍ കഴിയാതിരുന്ന ഡൂമിനി അടുത്ത പന്ത് അതിര്‍ത്തിക്ക് പുറത്തുകൂടി പായിച്ച് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ ജ്വലിപ്പിച്ചു. എന്നാല്‍ അടുത്ത പന്തില്‍ രണ്ടാം റണ്ണിനായുള്ള ശ്രമത്തില്‍ മോര്‍ക്കല്‍ റണ്ണൌട്ടായതോടെ ആഫ്രിക്കന്‍ സഫാരി അവസാനിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ പാകിസ്ഥാന് കമ്രാന്‍ അക്മല്‍(12 പന്തില്‍ 23)മിന്നുന്ന തുടക്കമാണ് നല്‍കിയത്. എന്നാല്‍ ആദ്യ വിക്കറ്റ് വീണതിനു ശേഷമെത്തിയ അഫ്രീദിയുടെ കടന്നാക്രമണമാണ് ആഫ്രിക്കന്‍ പ്രതീക്ഷകള്‍ തകര്‍ത്തത്. 34 പന്തില്‍ 51 റണ്‍സുമായി അഫ്രീദി ആളിക്കത്തിയപ്പോള്‍ പാക് സ്കോര്‍ കുതിച്ചു.എന്നാല്‍ മറുവശത്ത് ഷൊയൈബ് മാലിക്കിനും(39 പന്തില്‍ 34) നായകന്‍ യൂനിസ് ഖാനും(18 പന്തില്‍ 24) അഫ്രീദിയുടെ വേഗമാര്‍ജിക്കാന്‍ കഴിയാ‍ഞ്ഞതോടെ പാക് സ്കോര്‍ 149ല്‍ ഒതുങ്ങി.

പാക് ലക്‍ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് കാലിസും സ്മിത്തും (10) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. എന്നാല്‍ പന്തു കൊണ്ട് അഫ്രീദിയും അജ്മലും മാലിക്കും ഉയര്‍ത്തിയ സമ്മര്‍ദ്ദത്തില്‍ വിക്കറ്റുകള്‍ പൊഴിഞ്ഞതോടെ ദക്ഷിണാഫ്രിക്കയുടെ താളം തെറ്റി. ഒടുവില്‍ കാലിസിനെ(54 പന്തില്‍ 64) മാലിക്കിന്‍റെ കൈകളില്‍ എത്തിച്ച് അജ്മല്‍ പാക് ജയം ഉറപ്പാക്കി. മധ്യനിരയില്‍ ഡൂമിനി(39 പന്തില്‍ പുറത്താകാതെ 44)നടത്തിയ പോരാട്ടം വെറുതെയായി. നാലോവറില്‍ 16റണ്‍സ് മാത്രം വഴങ്ങി രണ്ട്‌ വിക്കറ്റ് വീഴ്ത്തിയ അഫ്രീദി ശരിക്കും കളിയിലെ കേമനായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :