ഫീല്‍ഡിംഗ് ചതിച്ചു: യൂനിസ്

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (11:07 IST)
ട്വന്‌റി - 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനോടേറ്റ കനത്ത പരാജയത്തിന് വിശദീകരണവുമായി ക്യാപ്റ്റന്‍ യൂനിസ് ഖാന്‍ രംഗത്തെത്തി. ഫീല്‍ഡിംഗിലെ പിഴവാണ് തങ്ങളെ ആദ്യ കളിയില്‍ വെട്ടിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ മത്സരത്തില്‍ 48 റണ്‍സിനാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടിനോട് തോറ്റത്.

പാകിസ്ഥാന്‌റെ ഫീല്‍ഡിങ്ങിലുണ്ടാ‍യ പാളിച്ചയാണ് ഇംഗ്ലണ്ടിനെ 185 എന്ന കൂറ്റന്‍ സ്കോറിലെത്തിച്ചതെന്ന് ആരോപണം നിലനില്‍ക്കെയാണ് ക്യാപ്റ്റന്‌റെ വിശദീകരണം. ബാറ്റിംഗില്‍ നന്നായി തിളങ്ങാനാകാത്തതും പാകിസ്ഥാന് തിരിച്ചടിയായി. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്. 46 റണ്‍സെടുത്ത യൂനിസ് ഖാന്‍ മാത്രമാണ് ഓവലില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.

185 റണ്‍സ് മറികടക്കേണ്ട സ്ഥിതിയിലെത്തുമെന്ന് ചിന്തിച്ചിരുന്നില്ല. ഫീല്‍ഡിംഗ് വളരെ മോശമായിരുന്നു. 20 - 25 റണ്‍സാണ് ചില ഓവറുകളില്‍ നല്‍കിയത്. ശരിയായി ഫീല്‍ഡ് ചെയ്യുന്നതില്‍ ഫീല്‍ഡര്‍മാര്‍ ഇത്ര കഴിവുകെട്ടവരായതെങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന് യൂനിസ് പറഞ്ഞു.

കളിയില്‍ തിരിച്ചുവരാനാകുമെന്ന് യൂനിസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സൂപ്പര്‍ എട്ടില്‍ കടക്കാനായില്ലെങ്കില്‍ അത് വലിയ കുറച്ചിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :