പാകിസ്ഥാനെതിരെ ഇന്ന് ഇന്ത്യന്‍ സന്നാഹം

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (11:00 IST)
കഴിഞ്ഞ ട്വന്‍റി-20 ലോകകപ്പ് ഫൈനലിന്‍റെ തനിയാവര്‍ത്തനത്തിന് അരങ്ങൊരുക്കി സന്നാഹ മത്സരത്തില്‍ ഇന്ന് പാകിസ്ഥാനെ നേരിടും. ഇരു ടീമുകളും ആദ്യ സന്നാഹമത്സരത്തില്‍ പരാജയപ്പെട്ടതിനാല്‍ ഇന്നത്തെ മത്സരം ജയിക്കേണ്ടത് അഭിമാന പ്രശ്നമാണ്. ആദ്യ മത്സരങ്ങളില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് നേരിയ തോല്‍‌വി വഴങ്ങിയെങ്കില്‍ പാകിസ്ഥാന്‍ ദക്ഷിണാഫ്രിയ്ക്കക്കെതിരെ മാന്യമായി തോറ്റു.

ഐ പി എല്‍ കളിച്ചു തളര്‍ന്നതിന്‍റെ ക്ഷീണവുമായാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ സമീപകാലത്ത് അധികം അന്താരാഷ്ട മത്സരങ്ങളിലൊന്നും പങ്കെടുക്കാനാവാഞ്ഞതാണ് പാക് പടയെ അലട്ടുന്നത്. എങ്കിലും കളി ഇന്ത്യയും പാകിസ്ഥാനുമാണെങ്കില്‍ അവിടെ ഇതൊന്നും പ്രധാനമല്ല.

ഓ‍പ്പണര്‍ വീരേന്ദര്‍ സേവാഗ്‌, യുവതാരം രവീന്ദ്ര ജഡേജ എന്നിവര്‍ക്കു തോളിനേറ്റ പരുക്കാണു ഇന്ത്യന്‍ ടീം ക്യാംപിനെ ഏറ്റവുമധികം ബുദ്ധിമുട്ടിലാക്കുന്നത്‌. തോളിലെ പരുക്കുമായി ഇന്ത്യയില്‍നിന്നു വിമാനം കയറിയ സഹീര്‍ ഖാന്‍ ഇനിയും പൂര്‍ണ സുഖം പ്രാപിച്ചിട്ടുമില്ല. യുവരാജ്‌ സിങ്ങിനെ ഭക്‍ഷ്യവിഷബാധ പിടികൂടിയിരിക്കുന്നു.

സമീപ കാലത്ത്‌ ഇന്ത്യന്‍ വിജയങ്ങളുടെ താ‍ക്കോലായിരുന്ന ഗംഭീര്‍ - വീരു കൂട്ടുകെട്ടിനെയാണു സേവാഗിന്‍റെ പരുക്കു പ്രതിസന്ധിയിലാക്കിയത്‌. സേവാഗ് ഇറങ്ങാത്തപക്ഷം മധ്യനിര ബാറ്റ്സ്മാന്‍ രോഹിത്‌ ശര്‍മയായിരിക്കും ഗംഭീറിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ന്യൂസിലന്‍ഡിനെതിരെ ഓപ്പണ്‍ ചെയ്‌ത രോഹിത്‌, 20 പന്തില്‍ 36 റണ്‍സുമായി പ്രതീക്ഷയ്ക്കൊത്ത തുടക്കം നല്‍കിയിരുന്നു.

മല്‍സരത്തിന്‍റെ ടിക്കറ്റുകളെല്ലാം ആഴ്ചകള്‍ക്കു മുന്‍പേ വിറ്റുപോയത് ആരാധകര്‍ ഏറെ പ്രാധാന്യത്തോടെയാണ് ഈ മത്സരത്തെ കാണുന്നതെന്ന് സൂചിപ്പിക്കുന്നു. ഇന്നത്തെ മത്സരത്തിലെ വരുമാനം ലഹോര്‍ സ്ഫോടനത്തിലെ രക്‌തസാക്ഷികള്‍ക്കായി സമര്‍പ്പിക്കാനാണ്‌ ഐസിസിയുടെ തീരുമാനം.

കഴിഞ്ഞ ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനം മാറ്റുരച്ചത്. രണ്ട് തവണയും വിജയദേവത ഇന്ത്യയെ അനുഗ്രഹിച്ചു. മുന്‍പു പരസ്പരം കണ്ടു മുട്ടിയ രണ്ടു തവണയും ജയം ഇന്ത്യയ്ക്കായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :