പരാജയം: ഉത്തരവാദി ധോണി

ലണ്ടന്‍| WEBDUNIA| Last Modified തിങ്കള്‍, 15 ജൂണ്‍ 2009 (13:08 IST)
ട്വന്‍റി - 20യിലെ ലോക ചാമ്പ്യന്‍‌മാര്‍ക്ക് അടിപതറിയതിന്‍റെ ഉത്തരവാദിത്തം ആര്‍ക്ക്? ക്രിക്കറ്റ് ഒരു ടീം വര്‍ക്കിന്‍റെ കളിയാണെന്നും ആരുടെയെങ്കിലും ചുമലില്‍ പഴി ചാരി രക്ഷപെടാന്‍ കഴിയില്ലെന്നും വാദിക്കാമെങ്കിലും ലോകമെങ്ങും കൊട്ടിഘോഷിക്കപ്പെടുന്ന നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ പരാജയമാണിതെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നു. സൂപ്പര്‍ എട്ടിലെ രണ്ടു തോല്‍‌വികളുടെയും പ്രധാന ഉത്തരവാദി ധോണി തന്നെ.

ഈ റൌണ്ടിലെ ആദ്യ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ടതിന്‍റെ കാരണക്കാരന്‍ ധോണിയായതെങ്ങനെ എന്ന് പരിശോധിക്കാം. കളിക്കുന്നത് ഏകദിനമല്ലെന്നും 20 ഓവര്‍ കളിയാണെന്നുമുള്ള തിരിച്ചറിവ് നായകന്‍ മറന്നതിനുള്ള തിരിച്ചടിയായിരുന്നു ആ പരാജയം. വിന്‍ഡീസിനെ പോലെ ഒരു ടീമിനെ നേരിടുമ്പോള്‍ ബംഗ്ലാദേശിനെയോ ഹോളണ്ടിനെയോ നേരിടുന്ന ലാഘവം ഉണ്ടാകാന്‍ പാടില്ലെന്ന് ധോണി മനസിലാക്കേണ്ടിയിരുന്നു.

ടീമിന് ഒന്നാകെ ഊര്‍ജം പകരേണ്ടവനാണ് നായകന്‍. വിന്‍ഡീസിനെതിരായ കളിയില്‍ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ ക്രീസിലെത്തുകയും ചെയ്തു. എന്നാല്‍ 23 പന്തുകള്‍ നേരിട്ട ധോണി വെറും 11 റണ്‍സാണെടുത്തത്. വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെടുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് വാദിക്കാമെങ്കിലും പത്തോ പതിനഞ്ചോ റണ്‍സ് ഇന്ത്യയ്ക്ക് കൂടുതലുണ്ടായിരുന്നുവെങ്കില്‍ വിന്‍‌ഡീസ് ജയിക്കില്ലായിരുന്നു എന്ന സത്യത്തിനു മുന്നില്‍ ധോണി ചെയ്തത് കുറ്റകരമായ അനാസ്ഥ തന്നെ.

ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തില്‍ വെറും 154 റണ്‍സിന്‍റെ വിജയലക്‍ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്നത്. ഒരു പടുകൂറ്റന്‍ ബാറ്റിംഗ് നിരയുള്ള ഇന്ത്യയ്ക്ക് ഒരിക്കലും വൈഷമ്യമുണര്‍ത്തുന്ന ഒരു ലക്‍ഷ്യമല്ലായിരുന്നു അത്. എങ്കിലും വിക്കറ്റ് വലിച്ചെറിയുന്ന മുന്‍‌നിരയെയാണ് കാണാന്‍ കഴിഞ്ഞത്. ധോണി വീണ്ടും രക്ഷക പരിവേഷമണിഞ്ഞ് ക്രീസിലെത്തി. കൂറ്റന്‍ സിക്സറുകളും ബൌണ്ടറികളും ധോണിയുടെ ബാറ്റില്‍ നിന്ന് അനായാസം പ്രവഹിക്കുന്നത് കണ്ടിട്ടുണ്ട് ക്രിക്കറ്റ് ലോകം. പക്ഷേ ഒരു ബൌണ്ടറി നേടാന്‍ ധോണി കഷ്ടപ്പെടുന്നത് ഇന്നലെ കാണാനായി.

ജയിക്കാനുള്ള ആവേശം നായകനെന്ന നിലയില്‍ ധോണി പുലര്‍ത്തിയില്ല. കൂറ്റനടികളിലൂടെ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് ധോണി ഒഴിഞ്ഞുമാറുകയാണുണ്ടായത്. രവീന്ദ്ര ജഡേജയും ഇംഗ്ലണ്ടിനോടുള്ള ഇന്ത്യയുടെ പരാജയത്തിന് പ്രധാന പങ്കു വഹിച്ചു. 35 പന്തുകള്‍ നേരിട്ട ജഡേജ 25 റണ്‍സാണെടുത്തത്. പിടിച്ചുനില്‍ക്കുന്നവരുടെയല്ല, അടിച്ചു തകര്‍ക്കുന്നവരുടെ കളിയാണ് ട്വന്‍റി 20 എന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ് ഇന്ത്യയുടെ പുറത്താകല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :