ധോണിയുടെ മധുവിധുകാലം കഴിഞ്ഞു: വോ

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 19 ജൂണ്‍ 2009 (18:02 IST)
:ഇന്ത്യ ക്രിക്കറ്റ് ടീമിന്‍റെ നായകനെന്ന നിലയില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ മധുവിധുകാലം കഴിഞ്ഞുവെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോ. എന്നാല്‍ ധോണി മികച്ച നായകന്‍ തന്നെയാണെന്നും കുറച്ചു സമയം ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ധോണി ഇപ്പൊള്‍ ചെയ്യേണ്ടതെന്നും വോ പറഞ്ഞു.ഡല്‍ഹിയില്‍ സ്റ്റീവ് വോ ഫൌണ്ടേഷന്‍റെ ഇന്ത്യന്‍ ചാപ്റ്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വോ.

ധോണിയാണോ ഗാംഗുലിയാണോ മികച്ച നായകനെന്ന ചോദ്യത്തിന് വോ കൃത്യമായ ഉത്തരം നല്‍കിയില്ല. എങ്കിലും ധോണി മികച്ച നായകരില്‍ ഒരാളാണെന്ന് വോ വ്യക്തമാക്കി. ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും നേരത്തെയുളള പുറത്താകലില്‍ പരിഭ്രമിക്കേണ്ടതായി ഒന്നുമില്ല.

ട്വന്‍റി-20 ഇത്തരം അത്ഭുതങ്ങളുടെ കളിയാണ്. കളിക്കുന്ന ദിവസം നിങ്ങള്‍ എത്രമാത്രം കൃത്യതയുളളവരും ജാഗരൂഗരുമാണെന്നത് മാത്രമാ‍ണ് ഇവിടെ പ്രധാ‍നം.ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ അപ്രമാദിത്വം അവസാനിച്ചുവെന്ന് വോ അംഗീകരിച്ചു. എന്നാല്‍ ഇത് ക്രിക്കറ്റിന് നല്ലതാണെന്നും വോ പറഞ്ഞു.

ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്സിന്‍റെ പരിശീലകനായേക്കുമെന്ന വാര്‍ത്തകള്‍ വോ നിഷേധിച്ചു. ട്വന്‍റി-20 ആവേശമുള്ള കളിയാണ്. എന്നാല്‍ പരിശീലകനാവുക എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാവില്ല. കുട്ടികള്‍ക്ക് വേണ്ടിയുള്ള സന്നദ്ധ സംഘടനയുടെ തിരക്കിലാണ് താനെന്നും വോ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :