ട്വന്‍റി - 20: ഇന്ന് ആദ്യ സെമി

ലണ്ടന്‍| WEBDUNIA| Last Modified വ്യാഴം, 18 ജൂണ്‍ 2009 (16:50 IST)
ട്വന്‍റി - 20 ലോകകപ്പ് ആദ്യ സെമിയില്‍ ഇന്ന് പാകിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി പത്തുമണിക്കാണ് മത്സരം. ടൂര്‍ണമെന്‍റിലെ അപരാജിതരായ ദക്ഷിണാഫ്രിക്കന്‍ കരുത്തില്‍ പാകിസ്ഥാന്‍ മുട്ട് മടക്കും എന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. എന്നാല്‍ സൂപ്പര്‍ എട്ട് മുതല്‍ മികച്ച ഫോമിലുള്ള പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളി തന്നെയാണ്.

ഫീല്‍ഡിംഗും ബാറ്റിംഗും ബൌളിംഗും കൊണ്ട് പാകിസ്ഥാനെ വരിഞ്ഞു മുറുക്കാനാകും എന്ന പ്രതീക്ഷയുമായാണ് ദക്ഷിണാഫ്രിക്ക ഇന്ന് കളത്തിലിറങ്ങിന്നത്. ബാറ്റ്സ്മാന്‍മാരും ബൌളര്‍മാരും ഒരുപോലെ ഫോമിലാണെന്നത് ദക്ഷിണാഫ്രിക്കയ്ക്ക് ഗുണം ചെയ്യും. എന്നാല്‍ ഉമര്‍ ഗുല്‍ ഒരിക്കല്‍ക്കൂടി ഫോമായാല്‍ ദക്ഷിണാഫ്രിക്ക നന്നായി വിയര്‍ക്കും. അഫ്രീദി ഫോമിലേക്ക് തിരിച്ചു വരുന്നതും പാകിസ്ഥാന് പ്രതീക്ഷ നല്‍കുന്നുണ്ട്.

പാകിസ്ഥാന് ഇന്ന് ജയിക്കാനായാല്‍ തുടര്‍ച്ചയായി രണ്ട് തവണ ഫൈനലില്‍ എത്തുന്ന ടീം എന്ന റെക്കോര്‍ഡ് അവര്‍ക്ക് സ്വന്തമാകും. കഴിഞ്ഞ തവണ ഫൈനലില്‍ ഇന്ത്യയോട് ഏറ്റ പരാജയം പാകിസ്ഥാന് എളുപ്പം മറക്കാനാകില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണ കൈവിട്ട കപ്പ് ഇത്തവണ തിരിച്ചുപിടിക്കണം എന്ന ലക്‍ഷ്യവുമായാവും പാകിസ്ഥാന്‍ സെമിയില്‍ കളിക്കുക.

നിര്‍ണായക മത്സരങ്ങളില്‍ കളി കൈവിടുക ദക്ഷിണാഫ്രിക്കയുടെ സ്വഭാവമാണ്. ഇത്തവണ അതുണ്ടായില്ലെങ്കില്‍ അവര്‍ക്ക് ആദ്യമായി ട്വന്‍റി - 20 ലോകകപ്പ് ഫൈനലിസ്റ്റുകളാകാം. കാലിസിന്‍റെയും കൂട്ടരുടേയും ബാറ്റിംഗ് കരുത്ത് ഇതിന് ദക്ഷിണാഫ്രിക്കയ്ക്ക് സഹായകരമാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :