ട്വന്‌റി-20: നാളെ ആരവമുയരും

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (10:56 IST)
ഐപി‌എല്‍ മേളയുടെ ആവേശത്തില്‍ നിന്ന് ക്രിക്കറ്റ് ലോകം നാളെ മുതല്‍ ട്വന്‌റി-20 ലോകകപ്പിന്‌റെ ആരവങ്ങള്‍ക്ക് കാതോര്‍ക്കും. കപ്പ് കൈപ്പിടിയില്‍ വിട്ടുപോകതിരിക്കാന്‍ ഇന്ത്യയും കഴിഞ്ഞ തവണ കൈവിട്ട കപ്പില്‍ മുത്തമിടാന്‍ പാകിസ്ഥാനും ഇത്തവണ കിണഞ്ഞു പരിശ്രമിക്കുക തന്നെ ചെയ്യും. ഒപ്പം കംഗാരുപ്പടയും കിവികളും തുടങ്ങി അയര്‍ലന്‍ഡും സ്കോട്ട്‌ലന്‍ഡും വരെ 12 ടീമുകള്‍ കപ്പിനായി മാറ്റുരയ്ക്കും.

ക്രിക്കറ്റിന്‌റെ തറവാട് എന്നറിയപ്പെടുന്ന ലോര്‍ഡ്സിലാണ് ഉദ്ഘാടന ചടങ്ങുകള്‍. ആതിഥേയരായ ഇംഗ്ലണ്ടും ഹോളണ്ടും തമ്മിലാണ് ആദ്യ മത്സരം. നാല് ഗ്രൂപ്പുകളിലായാണ് മത്സരം. ഗ്രൂപ്പ് പോരാട്ടങ്ങളില്‍ കൂടുതല്‍ പോയിന്‌റ് നേടുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടില്‍ എത്തും. ജൂണ്‍ 11 മുതലാണ് സൂപ്പര്‍ എട്ട്. 18, 19 ദിവസങ്ങളില്‍ സെമിഫൈനലും 21ന് ഫൈനലും നടക്കും. ഉദ്ഘാടന വേദിയായ ലോര്‍ഡ്സില്‍ തന്നെയാണ് സമാപന ചടങ്ങുകളും നടക്കുക.

ഗ്രൂപ്പ് എയില്‍ ദുര്‍ബലരായ ബംഗ്ലാദേശിനും അയര്‍ലന്‍ഡിനും ഒപ്പമാണ് ഇന്ത്യയുടെ സ്ഥാനം. മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തില്‍ കരുത്തന്‍‌മാരുടെ പടയുമായാണ് ഇന്ത്യന്‍ ടിം ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ അടിപതറിയെങ്കിലും രണ്ടാം സന്നാഹ മത്സരത്തില്‍ പാകിസ്ഥാനെ ഒന്‍പതു വിക്കറ്റിന് തറപറ്റിച്ച് കരുത്തുകാട്ടി.

ആറിന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആര്‍പി സിംഗും സഹീര്‍ഖാനും ഹര്‍ബജനും അടങ്ങുന്ന ബൌളിംഗ് നിരയും സേവാഗും ഗംഭീറും നയിക്കുന്ന ബാറ്റിംഗ് കരുത്തും ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് തുണയാകുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ എല്ലാ കളിക്കാരും ഒരുപോലെ മികച്ച ഫോമിലാണ് എന്നത് മറ്റ് ടീമികളെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. നാളെ ആദ്യകളിയുടെ ആരവം ഉയരുന്നതു മുതല്‍ കപ്പ് ഇന്ത്യയിലെത്തണേ എന്നാവും രാജ്യത്തെ ക്രിക്കറ്റ് പ്രേമികളുടെ പ്രാര്‍ത്ഥന.

ലോര്‍ഡ്സിന് പുറമെ ഓവല്‍, ടെന്‌റ് ബ്രിജ് എന്നിവയാണ് മറ്റ് വേദികള്‍. മൂന്ന് വേദികളിലായി ആവേശകരമായ ക്രിക്കറ്റ് മാമാങ്കമാണ് ജൂണ്‍ 21 വരെ അരങ്ങേറാന്‍ പോകുന്നത് എന്ന ആവേശത്തിലാണ് ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ആരാധകരും.

ഗ്രൂപ്പുകള്‍, ടീമുകള്‍:

ഗ്രൂപ്പ് എ: ഇന്ത്യ, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്
ഗ്രൂപ്പ് ബി: പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ഹോളണ്ട്
ഗ്രൂപ്പ് സി: ഓസ്ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്
ഗ്രൂപ്പ് ഡി: ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, സ്കോട്ട്‌ലന്‍ഡ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :