ഗെയ്‌ലിന് പരിക്ക്

ലണ്ടന്‍| WEBDUNIA| Last Modified ബുധന്‍, 10 ജൂണ്‍ 2009 (12:11 IST)
ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ ശ്രീലങ്കയെ നേരിടാനിറങ്ങുന്ന വെസ്റ്റിന്‍ഡീസിന് നായകന്‍ ക്രിസ് ഗെയ്‌ലിന്‍റെ സേവനം നഷ്ടമായേക്കും. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ മിച്ചല്‍ ജോണ്‍സന്‍റെ പന്ത് വലതു കാല്‍മുട്ടില്‍ കൊണ്ട് ഗെയ്‌ലിന് പരിക്കേറ്റിരുന്നു.

എന്നാല്‍ കളിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഗെയ്‌ല്‍ തന്നെയാണെന്ന് ടീം മാനേജ്‌മെന്‍റ് അറിയിച്ചിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ലെങ്കിലും കളിക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്ന് ഗെയ്‌ല്‍ പറഞ്ഞു. ബാറ്റ് ചെയ്യുന്ന സമയത്ത് തനിക്ക് വേദന അനുഭവപ്പെട്ടിരുന്നില്ലെങ്കിലും പിറ്റേദിവസം ശരിക്കും നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്നും ഗെയ്‌ല്‍ പറഞ്ഞു.

സൂപ്പര്‍ എട്ടില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കൊപ്പമാണ് വിന്‍ഡീസ് കളിക്കുന്നത്. മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പില്‍ സിയില്‍ നിന്ന് ഇരു ടീമുകളും സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടി കഴിഞ്ഞതിനാല്‍ ഗെയ്‌ലിന്‍റെ കാര്യത്തില്‍ കൂടുതല്‍ റിസ്ക് എടുക്കാന്‍ വിന്‍ഡീസ് തയ്യാറാവില്ലെന്നാണ് സൂചന. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ കൊടുങ്കാറ്റിന്‍റെ വേഗത്തില്‍ ഗെയ്‌ല്‍ നേടിയ 88 റണ്‍സാണ് സൂപ്പര്‍ എട്ടില്‍ വിന്‍ഡീസിന്‍റെ സ്ഥാനം ഉറപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :