ഓസീസ് ടീമില്‍ നിന്ന് സൈമണ്ട്സ്‌ പുറത്ത്‌

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (11:01 IST)
അച്ചടക്ക നടപടി ലംഘിച്ചതിന്‍റെ പേരില്‍ ഓള്‍ റൌണ്ടര്‍ ആന്‍ഡ്ര്യു സൈമണ്ട്സിനെ ട്വന്‍റി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് പുറത്താക്കിയതായി ക്രിക്കറ്റ് അറിയിച്ചു. പുതിയ സംഭവത്തൊടെ വിവാദങ്ങളുടെ കൂട്ടുകാരനായ സൈമോയുടെ അന്താരാഷ്ട്ര കരിയര്‍ എതാണ്ട് അവസാനിച്ചു.

മദ്യപാനം ഉള്‍പ്പെടെ നിരവധി അച്ചടക്കലംഘനങ്ങളാണ് ഇത്തവണ സൈമോയ്ക്കെതിരെ ടീം മാനേജ്മെന്‍റ് ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച രാത്രി ടീമിനോടൊപ്പം ഹോട്ടലില്‍ അത്താഴത്തില്‍ പങ്കെടുത്ത സൈമണ്ട്സ്‌ പുലര്‍ച്ചെ ചില താരങ്ങളുമൊത്ത് റഗ്ബി മത്സരങ്ങള്‍ കാണാന്‍ പോവുകയും മദ്യപിച്ച് ബഹളമുണ്ടാക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇതിനുശേഷം വ്യാഴാഴ്ച രാവിലെ നടന്ന ടീമിന്‍റെ പരിശീലനത്തിലും സൈമോ പങ്കെടുത്തില്ല.

കളിക്കാരനെന്ന നിലയില്‍ സൈമോയുടെ കഴിവില്‍ പൂര്‍ണ വിശ്വാസമുണ്ടെങ്കിലും അച്ചടക്ക നടപടിയെടുത്തില്ലെങ്കില്‍ അത് ടീമിലെ യുവതാരങ്ങള്‍ക്ക് തെറ്റായ സന്ദേശമായിരിക്കും നല്‍കുക എന്നതിനാലാണ് കടുത്ത നടപടിയെടുക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.സൈമോയെ ഉടന്‍ ഓസ്ട്രേലിയയില്‍ തിരിച്ചയക്കാനായി പ്രത്യേക വിമാനവും ക്രിക്കറ്റ് ഓസ്ട്രേലിയ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒട്ടേറെ അച്ചടക്ക രാഹിത്യങ്ങള്‍ കാണിച്ച സൈമണ്ട്സിന്‌ അവസാന താക്കീതും ലഭിച്ചിരുന്നു.
ബംഗ്ലാദേശിനെതിരായ ഏകദിന മത്സരങ്ങള്‍ക്കിടയില്‍ പരിശീലനത്തില്‍ പങ്കെടുക്കാതെ മീന്‍ പിടിക്കാന്‍ പോയപ്പോഴേ സൈമണ്ട്സിന്‌ ടീമിനു പുറത്തേക്കുള്ള വഴി തെളിഞ്ഞു തുടങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :