ഇന്ത്യയ്ക്ക് തോല്‍‌വിയോട് തോല്‍‌വി

നോട്ടിംഗ്‌ഹാം| WEBDUNIA| Last Modified ബുധന്‍, 17 ജൂണ്‍ 2009 (18:39 IST)
ട്വന്‍റി-20 ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ തോല്‍‌വി പൂര്‍ത്തിയായി. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ ടീം ദക്ഷിണാഫ്രിക്കയോട് 12 റണ്‍സിനാണ് തോറ്റത്. രണ്ടാം ലോകകപ്പില്‍ സെമി കാണാതെ പുറത്തായ മുന്‍‌ചാമ്പ്യന്‍മാര്‍ ദക്ഷിണാഫ്രിക്കയോട് മികച്ച പോരാട്ടം നടത്തിയെങ്കിലും വിജയം കൈവരിക്കാനുള്ള മനക്കരുത്ത് നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കയെ മികച്ച ബൌളിംഗിലൂടെ കുറഞ്ഞ സ്കോറിന് പിടിച്ചുക്കെട്ടാനായെങ്കിലും ബാറ്റിംഗില്‍ ഇന്ത്യ ഒരിക്കല്‍ കൂടി പരാജയപ്പെടുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. എബി ഡിവില്ലേഴ്സിന്‍റെ(63 റണ്‍സ്) ഒറ്റയാന്‍ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മാന്യമായ സ്കോര്‍ നേടാന്‍ സഹായിച്ചത്. അവസാന മത്സരത്തില്‍ ടീം ഇന്ത്യയിലെ എട്ടു പേരാണ് ബൌളിംഗിനെത്തിയത്. സഹീര്‍ ഖാന്‍, ആര്‍ പി സിംഗ്, ജഡേജ, ഹര്‍ഭജന്‍ സിംഗ്, സുരേഷ് റൈന എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ പിടിച്ചുക്കെട്ടി.

131 എന്ന കുറഞ്ഞ സ്കോര്‍ ലക്‍ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണര്‍മാരായ ഗൌതം ഗംഭീറും(21 റണ്‍സ്) രോഹിത് ശര്‍മയും(29 റണ്‍സ്) മികച്ച ബാറ്റിംഗ് കാഴ്ച വച്ചെങ്കിലും പിറകെ വന്നവര്‍ പലരും രണ്ടക്കം കാണാതെ മടങ്ങി. സുരേഷ് റൈന(3), യുവരാജ് സിംഗ്(25) ധോണി(5), യൂസഫ് പത്താന്‍(0) ഹര്‍ഭജന്‍ സിംഗ്(14) എന്നിവര്‍ വേഗം കൂടാരം കയറിയതോടെ ഇന്ത്യയുടെ അവസാന ജയസാധ്യതകളും മങ്ങി.

ഒടുവില്‍ എട്ടു വിക്കറ്റ്‌ നഷ്ടത്തില്‍ 118 റണ്‍സെടുത്ത്‌ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു. മൂന്നു വിക്കറ്റ്‌ നേടിയ സ്പിന്നര്‍ ജെഹാന്‍ ബോത്തയാണ്‌ ഇന്ത്യയെ തകര്‍ത്തത്‌. സ്റ്റെയിന്‍ രണ്ടു വിക്കറ്റെടുത്തു. 63 റണ്‍സെടുത്ത ഡിവില്ലിയേഴ്സാണ്‌ കളിയിലെ കേമന്‍‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :