ഇന്ത്യക്ക് വിജയത്തുടക്കം

ട്രെന്‍റ്ബ്രിഡ്ജ്| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (11:05 IST)
അട്ടിമറി സ്വപ്നങ്ങളുമായി കളത്തിലിറങ്ങിയ ബംഗ്ലാ കടുവകളെ യുവരാജ് സിംഗ് അടിച്ചോടിച്ചപ്പോള്‍ പ്രഗ്യാന്‍ ഓജ എറിഞ്ഞു വീഴ്ത്തി.ട്വന്‍റി-20 ലോകകപ്പ്‌ ഗ്രൂപ്പ്‌ എ മത്സരത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക്‌ 25 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം.ഉയര്‍ത്തിയ വിജയലക്‍ഷ്യമായ 181 പിന്തുടര്‍ന്ന ബംഗ്ലദേശിന്‌ 20 ഒാ‍വറില്‍ എട്ടു വിക്കറ്റിന്‌ 155 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു.ഓജയാണ് കളിയിലെ കേമന്‍.

വിജയ ലക്‍ഷ്യത്തിലേക്ക് നഷ്ടപ്പെടാനൊന്നുമില്ലെന്ന തിരിച്ചറിവില്‍ ബാറ്റ് വീശിയ ബംഗ്ലാ‍ ഓപ്പണര്‍മാരായ തമീം ഇഖ്‌ബാലും ജുനൈദ് സിദ്ദിഖിയും ഇന്ത്യയുടെ ചങ്കിടിപ്പ് കൂട്ടിയെങ്കിലും മുന്നാം ഓവറില്‍ യൂസഫ് പത്താനെ കൊണ്ടുവന്ന ധോണിയുടെ തന്ത്രം ഫലിച്ചു. 10 പന്തില്‍ 15 റണ്‍സെടുത്ത തമീമിനെ ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കി.

ക്യാപ്റ്റന്‍ മുഹമ്മദ് അഷ്‌റഫുള്‍(11) പെട്ടെന്ന് മടങ്ങിയെങ്കിലും ഒരറ്റത്ത് ജുനൈദ് അടിച്ചു തകര്‍ത്തത് ഇന്ത്യക്ക് തലവേദനയായി. ഒടുവില്‍ ഓജയുടെ പന്തില്‍ ഹര്‍ഭജന്‍ പിടിച്ച് ജുനൈദ്(22 പന്തില്‍ 41) പുറത്തായതോടെ പീന്നിടുള്ളതെല്ലാം ചടങ്ങുകളായി.ഇന്ത്യക്ക് വേണ്ടി ഓജ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത്34 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍(23 പന്തില്‍ 36)മയും ഗൌതം ഗംഭീറും(46 പന്തില്‍ 50)ചേര്‍ന്ന് ഗംഭീര തുടക്കമാണ് നല്‍കിയത്.രോഹിത് പുറത്തായ ശേഷം ഗംഭീറും ധോണി(21 പന്തില്‍ 26)യും മെല്ലെപ്പോക്ക് നയം സ്വീകരിച്ചപ്പോള്‍ ഇന്ത്യ 160-165 റണ്‍സ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്ന് കരുതിയെങ്കിലും പതിനഞ്ചാം ഓവറില്‍ ക്രീസിലെത്തിയ യുവരാജ്(18 പന്തില്‍ 41)സ്കോറിംഗ് ടോപ് ഗിയറിലാക്കിയതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :