ഇടതിന്‍റെ കരുത്തില്‍ ഇന്ത്യക്ക് മുന്‍‌തൂക്കം

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (10:57 IST)
ഇന്ത്യയിലെ രാഷ്ട്രീയ പോര്‍ക്കളത്തില്‍ ഇടതു പക്ഷക്കാര്‍ക്ക് തിരിച്ചടിയേറ്റെങ്കിലും ക്രിക്കറ്റ് കളത്തില്‍ ഇടതിന് ഇതു നല്ലകാലമാണ്. ട്വന്‍റി-20 ലോകകപ്പില്‍ ഇടം കൈയ്യന്‍മാരുടെ സാന്നിധ്യം ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും മുന്‍‌തുക്കം നല്‍കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കണക്കുകളെ ഉദ്ധരിച്ചാണ് ക്രിക്കറ്റ് വിദഗ്ദര്‍ ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും മുന്‍‌തൂക്കം നല്‍കുന്നത്.

ഇരു ടീമുകളിലും എട്ട് വീതം കളിക്കാരാണ് ഇടത് കൈയ്യന്‍‌മാരായുള്ളത്. 15 അംഗ ടീമില്‍ വലതുപക്ഷത്തേക്കാള്‍ ഭൂരിപക്ഷം ഇടതിനാണ്. 2007ലെ ലോകകപ്പിലെയും ഐ പി എല്ലിലെയും പ്രകടനങ്ങളും കണക്കുകളും ഇടതിന് അനുകൂലമാണ്.രണ്ടാം ഐ പ്പി എല്ലിലെ ടോപ്‌ സ്കോററാ‍യ മാത്യു ഹെയ്ഡന്‍(572),രണ്ടാം സ്ഥാനത്തുള്ള ആദം ഗില്‍ക്രിസ്റ്റ്(495), നാലാം സ്ഥാനത്തുള്ള സുരേഷ് റെയ്ന(434) എന്നിവരെല്ലാം ഇടം‌കൈയ്യന്‍‌മാരാണ്. എ ബി ഡിവില്ലിയേഴ്സാണ്(465) ആദ്യ നാലിലെ ഏക വലതുപക്ഷക്കാരന്‍.

ബൌളിംഗിലും ഇടതിനാണ് ആധിപത്യം. വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയ ആര്‍ പി സിംഗ്(23), ആശിഷ് നെഹ്‌റ(19), പ്രഗ്യാന്‍ ഓജ(18) എന്നിവരെല്ലാം ഇടം‌കൈയ്യന്‍‌മാര്‍. ആദ്യ ഐ പി എല്ലിലും സ്ഥിതി വ്യത്യസ്തമല്ല. റണ്‍ വേട്ടയില്‍ ഒന്നാമതെത്തിയ ഷോണ്‍ മാര്‍ഷ്(616), ഗൌതം ഗംഭീര്‍(534), സനത് ജയസൂര്യ(514) എന്നിവരെല്ലാം ഇടം‌കൈയ്യന്‍‌മാരാണ്. വിക്കറ്റ് വേട്ടയില്‍ മുന്‍‌പന്തിയിലെത്തിയ സൊഹൈല്‍ തന്‍‌വീറും(22)ഇടം കൈയ്യന്‍ തന്നെ.

ഇനി 2007ലെ ആദ്യ ലോകകപ്പിലെ കാര്യമെടുത്താലും ഇടതിന് തന്നെയാണ് ഭൂരിപക്ഷം. എറ്റവും കൂടുതല്‍ റണ്‍സ് നേടിയത് മാത്യു ഹെയ്ഡന്‍(265), വിക്കറ്റ് വേട്ടയില്‍ രണ്ടാമതെത്തിയത് ആര്‍ പി സിംഗ്(12). ഇരുവരും ഇടതുകൈയ്യന്‍‌മാര്‍.

ഇന്ത്യന്‍ നിരയില്‍ ഗംഭീര്‍, റെയ്‌ന, യുവരാജ്, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ, ആര്‍ പി സിംഗ്, രവീന്ദ്ര ജഡേജ എന്നിവരാണ് ഇടത് കൈയ്യന്‍‌മാരായുള്ളത്, ദക്ഷിണാഫ്രിക്കന്‍ ടീമിലാകട്ടെ നായകന്‍ ഗ്രയിം സ്മിത്, ഡൂമിനി, മോര്‍ക്കല്‍ സഹോദരന്‍‌മാര്‍, റിയോള്‍ഫ്, വാന്‍ഡര്‍ മെര്‍വ്, യൂസഫ് അബ്ദുള്ള, വെയ്‌ന്‍ പാര്‍ണെല്‍, റോബിന്‍ പീറ്റേഴ്സണ്‍ എന്നിവരാണ് ഇടതന്‍‌മാരായുള്ളത്.

അദ്യ ലോകകിരീടം തേടിയെത്തുന്ന ഓസ്ട്രേലിയന്‍ നിരയിലും പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് നിരയിലും നാലു പേര്‍ മാത്രമേ ഇടം ‌കൈയ്യന്‍‌മാരായുള്ളു. കിരീടം തേടിയിറങ്ങുന്ന ആതിഥേയരായ ഇംഗ്ലണ്ട് നിരയില്‍ ഒരാള്‍ മാത്രമേ ഇടതു കൈയ്യനായുള്ളു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :