ഇംഗ്ലണ്ട് ആയുസ് നീട്ടിയെടുത്തു

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (11:06 IST)
ജയിക്കുക അല്ലെങ്കില്‍ പുറത്തു പോവുക എന്ന അവസ്ഥയില്‍ പാകിസ്ഥാനെ നേരിട്ട ആതിഥേയരായ ഇംഗ്ലണ്ട്‌ 49 റണ്‍സ് ജയത്തോടെ ട്വന്‍റി-20 ലോകകപ്പ്‌ ക്രിക്കറ്റില്‍ ആയുസ്‌ നീട്ടിയെടുത്തു. ജയിച്ചെങ്കിലും സൂപ്പര്‍ എട്ട് പ്രവേശനത്തിന് പാകിസ്ഥാന്‍ നെതര്‍ലാന്‍ഡ്സ് മത്സര ഫലം വരുന്നതു വരെ ഇംഗ്ലണ്ടിന് കാത്തിരിക്കണം. സ്കോര്‍: ഇംഗ്ലണ്ട്‌ 20 ഓ‍വറില്‍ -185/5, പാക്കിസ്ഥാന്‍ 20 ഓവറില്‍ -137/7. ഇംഗ്ലണ്ടിന്‍റെ ലൂക്ക്‌ റൈറ്റാണ്‌ കളിയിലെ കേമന്‍.

ഗ്രൂപ്പില്‍ ഇപ്പോള്‍ ഇംഗ്ലണ്ടിനും ഹോളണ്ടിനും രണ്ടു പോയിന്‍റ് വീതമായി. ഇംഗ്ലണ്ടിനെതിരെ 186 റണ്‍സ്‌ വിജയലക്‍ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാനു മികച്ചൊരു പോരാട്ടം നടത്താന്‍‌പോലുമായില്ല. മൂന്നാമത്തെ ഓ‍വറിലെ ആദ്യ പന്തില്‍തന്നെ മസ്കരാനസ്‌ ഓ‍പ്പണര്‍ അഹമ്മദ്‌ ഷെഹ്സാദിനെ വീഴ്ത്തി. പിന്നീട് പതുക്കെ കരകയറി തുടങ്ങിയപ്പോഴേക്കും ബ്രോഡ് വിണ്ടും പാകിസ്ഥാനെ ഞെട്ടിച്ചു. തുടര്‍ച്ചയായ പന്തുകളില്‍ കമ്രാന്‍ അക്മലിനെയും സല്‍മാന്‍ ബട്ടിനെയും ബ്രോഡ് മടക്കി അയച്ചു .പതിനഞ്ചാമത്തെ ‍ഓവറിലാണ്‌ പാക് സ്കോര്‍ 100 കടന്നത്‌.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇംഗ്ലണ്ട് കെവിന്‍ പീറ്റേഴ്സന്‍ (58), ഒവൈസ്‌ ഷാ (33) എന്നിവരുടെ മികവിലാണ് കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്. പതര്‍ച്ചയോടെയായിരുന്നു ഇംഗ്ലണ്ടിന്‍റെ തുടക്കം. ആദ്യ ഓ‍വറില്‍ ഒന്‍പതു റണ്‍സ്‌ നേടിയെങ്കിലും അടുത്ത ഓ‍വറില്‍ ഓ‍പ്പണര്‍ രവി ബൊപാരയെ നഷ്ടമായി. പിന്നീട് നാലാമത്തെ ഓ‍വറില്‍ 15 റണ്‍സ്‌ അടിച്ചുകൂട്ടി ലൂക്ക്‌ റൈറ്റാണ് ഇംഗ്ലണ്ടിനെ ശരിയായ പാതയിലെത്തിച്ചത്. അഞ്ചാമത്തെ ഓവറില്‍ 20 റണ്‍സ് പിറന്നതോടെ ഇംഗ്ലണ്ട് സ്കോര്‍ കുതിച്ചു. പാക്കിസ്ഥാന്‍റെ നിലവാരമില്ലാത്ത ഫീല്‍ഡിംഗും ഇംഗ്ലണ്ടിനു തുണയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :