ഇംഗ്ലണ്ടിനും വിന്‍ഡീസിനും ഇന്ന് നിര്‍ണായകം

ലണ്ടന്‍| WEBDUNIA| Last Modified തിങ്കള്‍, 15 ജൂണ്‍ 2009 (16:08 IST)
ആരെങ്കിലും ഒരാള്‍ പുറത്തുപോയേ പറ്റൂ. അത് ആരാവണം എന്ന് മാത്രമേ അറിയേണ്ടതുള്ളൂ. ഇന്ന് നടക്കുന്ന ട്വന്‍റി - 20 സൂപ്പര്‍ എട്ടില്‍ വിന്‍ഡീസും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ ഇരു ടീമുകളുടെയും ആരാധകര്‍ പ്രാര്‍ത്ഥനയിലായിരിക്കും. ഇരു കൂട്ടര്‍ക്കും ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. ഒരോ കളി വീതം ജയിച്ചിട്ടുള്ള ഇരു ടീമുകളില്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് സെമിയിലെത്താം.

ഇന്ത്യന്‍ സമയം രാത്രി പത്തിന് ഓവലിലാണ് മത്സരം. ക്രിസ് ഗെയ്‌ലിന്‍റെ വെടിക്കെട്ട് ബാറ്റിംഗിലാണ് വിന്‍ഡീസിന്‍റെ പ്രതീക്ഷ. ഗെയിലിനേക്കാള്‍ എതിരാളികള്‍ ഭയക്കുന്നത് ബ്രാവോയെയാണെന്നതാണ് വസ്തുത. ബാറ്റിംഗിലും ബൌളിംഗിലും ഒരു പോലെ ഫോമിലുള്ള ബ്രാവോയാണ് കഴിഞ്ഞ കളിയില്‍ ഇന്ത്യയുടെ കഥ കഴിച്ചത്. ടെയ്‌ലറും എഡ്വാര്‍ഡും ബെന്നും ചേര്‍ന്ന ബൌളിംഗ് നിരയ്ക്ക് ഇംഗ്ലണ്ടിനെ നിലയ്ക്ക് നിര്‍ത്താനായാല്‍ ആതിഥേയരെ മറികടന്ന് അവര്‍ സെമിയിലെത്തും.

എന്നാല്‍ കരുത്തരായ ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ടിനുള്ളത്. പീറ്റേഴ്സണും കോളിംഗ്‌വുഡും ബൊപ്പാരയും അടങ്ങുന്ന ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ടിന്‍റേത്. ഇവരെ പിടിക്കാന്‍ കരീബിയന്‍ പട നന്നായി പണിപ്പെടും. മാത്രവുമല്ല ശക്തമായ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വെള്ളം കുടിപ്പിച്ച ഷോട്ട്‌പിച്ച് ബോളുകള്‍ ഇംഗ്ലണ്ടിന്‍റെ ആവനാഴിയില്‍ ഇനിയുമുണ്ട്. ആതിഥേയര്‍ എന്ന നിലയ്ക്കുള്ള ഗ്രൌണ്ട് സപ്പോര്‍ട്ടും ഇംഗ്ലണ്ടിനായിരിക്കും.

അതേസമയം ഗ്രൂപ്പ് എഫില്‍ പാകിസ്ഥാന്‍ അയര്‍ലന്‍ഡിനെ നേരിടും. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റ പാകിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി സെമി സാധ്യത വര്‍ധിപ്പിച്ചു. ഉമര്‍ ഗുല്ലിന്‍റെ അഞ്ച് വിക്കറ്റ് നേട്ടമാണ് പാകിസ്ഥാനെ രക്ഷിച്ചത്. ഇന്ന് ജയിക്കാനായാല്‍ പാകിസ്ഥാനും സെമിയിലെത്താം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :