അഭിപ്രായ ഭിന്നതയില്ലെന്ന് ധോണിയും സേവാഗും

ലണ്ടന്‍| WEBDUNIA|
ടീം ഇന്ത്യയുടെ നാ‍യകന്‍ മഹേന്ദ്രസിംഗ് ധോണിയും വൈസ് ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗും അഭിപ്രായ ഭിന്നതകളൊന്നുമില്ലെന്ന് ഇരുവരും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എഴുതി തയ്യാറാക്കി കൊണ്ടു വന്ന പ്രസ്താവന ധോണി മാധ്യമപ്രവര്‍ത്തകരെ വായിച്ച് അറിയിക്കുകയായിരുന്നു. വാര്‍ത്താ സമ്മേളനത്തിനെത്തിയ ധോണിയും സേവാഗും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ഒന്നിച്ചാണ് നേരിട്ടത്. ടീം ഒറ്റക്കെട്ടാണെന്നും എപ്പോഴും അങ്ങിനെ തന്നെ ആയിരിക്കുമെന്നും ഇരുവരും പറഞ്ഞു.

സേവാഗിന്‍റെ ചുമലിലെ പരിക്കിനെചൊല്ലി ടീം മീറ്റിംഗില്‍ ധോണിയും-സേവാഗും കൊമ്പു കോര്‍ത്തു എന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത തെറ്റാണെന്ന് സ്ഥിരീകരിക്കാനാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും വൈസ്ക്യാപറ്റനും മാധ്യമപ്രവര്‍ത്തകരെ കണ്ടത്‍. പാകിസ്ഥാനെതിരായ ഉജ്ജ്വല വിജയത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ധോണി സേവാഗിന്‍റെ പരിക്കിനെക്കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിച്ച രീതിയാണ് ഇരുവരും തമ്മിലുള്ള വാക്പ്പോരില്‍ കലാശിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.

സേവാഗിന്‍റെ പരിക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതിരുന്ന ധോണി ഇക്കാര്യം ടീം ഫിസിയോട് തന്നെ ചോദിക്കണമെന്നും പറഞ്ഞതാ‍ണ് വീരുവിനെ ചൊടിപ്പിച്ചതെന്നും മാധ്യമങ്ങള്‍ വിലയിരുത്തി. രോഹിത് ശര്‍മ ഓപ്പണറായി തിളങ്ങിയതോടെ സേവാഗ് ഇനി ഏതു പൊസിഷനില്‍ ഇറങ്ങുമെന്ന ചോദ്യത്തിന് ധോണി പറഞ്ഞ മറുപടിയും വീരുവിനെ പ്രകോപിപ്പിട്ടുണ്ടെന്നാണ് കരുതുന്നത്. സേവാഗ് ഓപ്പണിംഗില്‍ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് സത്യം പറഞ്ഞാല്‍ തനിക്കറിയില്ലെന്നായിരുന്നു ധോണിയുടെ മറുപടി.

ഓപ്പണിംഗ് സ്ഥാനത്ത് പകരക്കാരില്ലാത്തതിനേക്കാള്‍ നല്ലത് പകരം വയ്ക്കാന്‍ ധാരാളം‌പ്പേര്‍ ഉണ്ടാവുന്നത് സന്തോഷകരമായ കാര്യമാണെന്നും ധോണി പറഞ്ഞിരുന്നു. എന്തായാലും ഇരുവരും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തിയതോടെ പ്രശ്നങ്ങളെല്ലാം അവസാനിച്ഛുവെന്നാണ് ആരാധകരുടെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :