അഫ്രീദി പാക് നായകനായേക്കും

കറാച്ചി| WEBDUNIA| Last Modified തിങ്കള്‍, 22 ജൂണ്‍ 2009 (14:10 IST)
പാകിസ്ഥാന്‍റെ ട്വന്‍റി-20 ലോകകിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഓള്‍ റൌണ്ടര്‍ ഷാഹിദ് അഫ്രീദി പാക് ട്വന്‍റി-20 ടീമിന്‍റെ അടുത്ത നായകനായേക്കുമെന്ന് സൂചന. കിരീട നേട്ടത്തോടെ ട്വന്‍റി-20 ക്രിക്കറ്റില്‍ നിന്ന് നായകന്‍ യൂനിസ് ഖാന്‍ വിരമിച്ചതോടെയാണ് പാകിസ്ഥാന് പുതിയ നായകനെ കണ്ടെത്തേണ്ടി വന്നത്.

മുന്‍ നായകന്‍ ഷൊയൈബ് മാലിക്കിനെ വീണ്ടും നായക സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പാക് സെലക്ടര്‍മാര്‍ക്ക് താല്‍‌പ്പര്യമില്ല. പിന്നെ പരിഗണനയിലുളളത് മിസ്ബാ ഉള്‍ ഹഖാണ്. എന്നാല്‍ മുപ്പത്തിയഞ്ചുകാരനായ മിസ്ബയ്ക്കു മുന്നില്‍ പ്രായം തടസമായി നില്‍ക്കുന്നു. സ്വാഭാവികമായും ബോര്‍ഡ് അഫ്രീദിയിലേക്ക് നോട്ടമയ്ക്കുമെന്ന് തന്നെയാണ് പി സി ബിയിലെ ഒരു ഉന്നതന്‍ വെളിപ്പെടുത്തിയത്.

ഇതുവരെ പന്തുകൊണ്ട് മാത്രം തിളങ്ങിയിരുന്ന അഫ്രീദി ഇപ്പോള്‍ ബാറ്റ് കൊണ്ടും തിളങ്ങാന്‍ തുടങ്ങിയതോടെ സെലക്ടര്‍മാരുടെ ജോലി എളുപ്പമായി എന്നാണ് കരുതുന്നത്. യൂനിസ് ഏകദിന ക്രിക്കറ്റ് മതിയാക്കുകയാണെങ്കില്‍ അഫ്രീദി തന്നെയായിരിക്കും പാക് ടീമിന്‍റെ ഏകദിന നായകന്‍.

എന്നാല്‍ 2011 ലോകകപ്പ് വരെ ഏകദിന ക്രിക്കറ്റില്‍ കളി തുടരുമെന്ന് യൂനിസ് അറിയിച്ചിട്ടുളളതിനാല്‍ തല്‍ക്കാലം അഫ്രീദിയെ ട്വന്‍റി-20 നായകനാക്കി മത്സര പരിചയം ഉണ്ടാ‍ക്കാം എന്നാണ് സെലക്ടര്‍മാര്‍ കരുതുന്നത്. രാജ്യത്തെ നയിക്കുക എന്നത് തന്‍റെ ലക്‍ഷ്യമാണെന്നും തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയായിരിക്കും അതെന്നും അഫ്രീദി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :