‘ഗുല്‍’ മാജിക്കില്‍ കിവികള്‍ വീണു

ലണ്ടന്‍| WEBDUNIA|
ട്വന്‍റി-20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഉമര്‍ഗുല്ലിന്‍റെ ബൌളിംഗ് കരുത്തില്‍ പാകിസ്ഥാന് ന്യൂസിലന്‍ഡിനെതിരെ ആറ് വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ന്യൂസിലന്‍ഡിനെ ഉമറും സംഘവും ചേര്‍ന്ന പാക് ബൌളര്‍മാര്‍ വരിഞ്ഞുകെട്ടി. കൂറ്റന്‍ റണ്‍സ് ലക്‍ഷ്യമാക്കി കളത്തിലിറങ്ങിയ കിവികളുടെ ഇന്നിംഗ്സ് 99 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 13.1 ഓവറില്‍ ലക്‍ഷ്യം മറികടന്നു.

മൂന്ന് ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങിയാണ് ഉമര്‍ ഗുല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ രാജ്യാന്തര ട്വന്‍റി-20 മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ താരം എന്ന ബഹുമതി ഇതോടെ ഉമര്‍ ഗുലിന്‍റെ പേരിലായി.

ന്യൂസിലന്‍ഡിന് തുടക്കത്തില്‍ത്തന്നെ തിരിച്ചടി നേരിട്ടു. രണ്ടാം ഓവറില്‍ ബ്രണ്ടന്‍ മക്കല്ലത്തെ റസാഖ് പവലിയനിലേക്ക് മടക്കി. അഞ്ചാമത്തെ ഓവറില്‍ റെഡ്മോണ്ടും, ആറാം ഓവറില്‍ ഗുപ്തിലും പുറത്തായതോടെ കിവികള്‍ അങ്കലാപ്പിലായി. 22 റണ്‍സെടുത്ത സ്റ്റൈറിസിനെ പുറത്താക്കിയാണ് ഗുല്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. തുടര്‍ന്ന് മക്ഗ്ലാഷന്‍, നഥാന്‍ മക്കല്ലം, ഫ്രാങ്ക്ലിന്‍, മില്‍‌സ് എന്നിവരും ഗുല്ലിന്‍റെ ഇരകളായി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്‍ഷ്യം കണ്ടു. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റ പാകിസ്ഥാന് ഇന്നലത്തെ വിജയം സെമി പ്രതീക്ഷ വര്‍ധിപ്പിച്ചു. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനോട് ജയിച്ച ന്യൂസിലന്‍ഡിന് ശ്രീലങ്കയോട് ജയിച്ചാല്‍ മാത്രമേ ഇനി സെമിയില്‍ കടക്കാനാകൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :