വിദേശ ജയങ്ങള്‍ ഇന്ത്യയെ നിര്‍ഭയരാക്കി: സച്ചിന്‍

ലണ്ടന്‍| WEBDUNIA| Last Modified ശനി, 13 ജൂണ്‍ 2009 (16:26 IST)
വിദേശ പിച്ചുക്കളില്‍ സമീപകാലത്ത് നേടിയ വിജയങ്ങള്‍ ഇന്ത്യന്‍ ടീമിനെ നിര്‍ഭയരാക്കിയെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ന് ലോകത്തിലെ ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ തക്കകഴിവുള്ളവരുടെ ടീമായതിനു പിന്നിലും വിദേശത്ത് നേടിയ ജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസമാണെന്നും സച്ചിന്‍ പറഞ്ഞു. ട്വന്‍റി-20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ കാണാനായി ലണ്ടനിലെത്തിയ സച്ചിന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

2001ലാണ് വിദേശത്ത് വിജയങ്ങള്‍ നേടിത്തുടങ്ങിയത്. ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയെയും പോലുളള ടീമുകളെ അവരുടെ സ്വന്തം മൈതാനത്ത് തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി.അതു പോലെ ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകളെയും അവരുടെ നാട്ടില്‍ തോല്‍‌പ്പിക്കാന്‍ നമുക്കായി.ഇത് ഒരു രാത്രി കൊണ്ട് സംഭവിച്ചതല്ല. ഇത് കാലങ്ങളായുള്ള സമീപനത്തിന്‍റെ ഭാഗമായി സംഭവിച്ചതാണ്. ഇതാണ് ഇന്ന് നമ്മെ ആരെയും ഭയക്കാത്ത ടീമാക്കി മാറ്റിയെടുത്തത്.

ഇപ്പോള്‍ നമ്മള്‍ സുരക്ഷിതമായ നിലയിലാണ്. നമ്മള്‍ ആരെയും ഭയക്കുന്നില്ല എന്നതിനൊപ്പം തന്നെ ബുദ്ധിപൂര്‍വമായ ക്രിക്കറ്റ് കളിക്കുകയും ചെയ്യുന്നു. നിലവിലെ ടീം കോമ്പിനേഷന്‍ ഉജ്ജ്വലമാണ്. അതാണ് വിജയങ്ങളിലും പ്രതിഫലിക്കുന്നത്. ട്വന്‍റിറി-20 ലോകകപ്പ് ജയിക്കാന്‍ കഴിവുള്ള സന്തുലിതമായ ടീമാണ് നമ്മുടേത്. അക്രമണോത്സുകമായ ബാറ്റിംഗും മെച്ചപ്പെട്ട ബൌളിംഗും എല്ലാറ്റിനുമപരി ഒരു മികച്ച ക്യാപ്റ്റനും നമുക്കുണ്ട്.

സാധ്യമായിടത്തോളം ഇന്ത്യക്കായി കളിക്കുക എന്നതാണ് തന്‍റെ സ്വപ്നം.റെക്കോര്‍ഡുകള്‍ ലക്‍ഷ്യംവെച്ച് ഞാന്‍ കളിക്കാറില്ല. കഴിയുന്നത്രയും സമയം ക്രീസില്‍ ചെലവഴിക്കാനും പരമാവധി റണ്‍സ് നേടി ടീമിനെ ജയിപ്പിക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്.2003 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനവും 1998ല്‍ ഷാര്‍ജാ കപ്പിലെ തന്‍റെ പ്രകടനവും ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ 383 റണ്‍സ് പിന്തുടര്‍ന്ന് നേടിയ ജയവും ഓസ്ട്രേലിയക്കെതിരെ ഓസ്ട്രേലിയയില്‍ നേടിയ ജയവുമൊന്നും തന്‍റെ കരിയറില്‍ മറക്കാനാവാത്തതാണെന്നും സച്ചിന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :