ലങ്ക ചാടാ‍ന്‍ പാകിസ്ഥാന്‍

ലോര്‍ഡ്സ്| WEBDUNIA| Last Modified ഞായര്‍, 21 ജൂണ്‍ 2009 (11:18 IST)
ഐ സി സി ട്വന്‍റി-20 ലോകകപ്പില്‍ ഇന്ന് ഏഷ്യന്‍ ഫൈനല്‍. പരാജയമറിയാതെ കുതിക്കുന്ന ലങ്കന്‍ സിംഹങ്ങളെ പിടിച്ചുകെട്ടാന്‍ കലാശപ്പോരില്‍ പാകിസ്ഥാന്‍ ഇറങ്ങുമ്പോള്‍ ഇന്ന് ആവേശം അതിര്‍ത്തി കടക്കും. പാകിസ്ഥാനില്‍ വച്ച് ലങ്കന്‍ താരങ്ങള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്‍റെ മുറിവുണക്കാന്‍ വിജയം തേടി ഇരു ടീമുകളുമിറങ്ങുമ്പോള്‍ ആര് ജയിച്ചാലും വിജയിക്കുന്നത് ക്രിക്കറ്റായിരിക്കുമെന്നുറപ്പ്. ലങ്കയില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തിനും പാകിസ്ഥാനില്‍ തുടരുന്ന സ്ഫോടന പരമ്പരകളും മറക്കാന്‍ കിരീട ജയം ഇരു രാജ്യളെയും സഹായിക്കും.

കഴിഞ്ഞ തവണ നിര്‍ഭാ‍ഗ്യം നിറഞ്ഞ ഒറ്റ ഷോട്ട് കൊണ്ട് കൈവിട്ട കപ്പ് തേടിയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നതെങ്കില്‍ 2007ലെ ലോകകപ്പ് ഫൈനല്‍ തോല്‍വി മറക്കാന്‍ ലങ്കയ്ക്കും വിജയം അനിവാര്യമാണ്.സ്ഥിരതയിലും അച്ചടക്കത്തിലും ഒരുപടി മുന്നില്‍ നില്‍ക്കുന്ന ലങ്കയ്ക്ക് സാധ്യതകള്‍ കല്‍പ്പിക്കുമ്പോഴും ഫൈനലിലേക്കുള്ള വഴിയില്‍ പാകിസ്ഥാന് മുന്നില്‍ മുട്ടുമടക്കിയവര്‍ ചില്ലറക്കാരല്ലെന്നത് അവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാകുന്നു.

ബൌളര്‍മാരായിരിക്കും ഇരു ടീമിന്‍റെയും വിജയ പരാജയങ്ങള്‍ നിശ്ചയിക്കുക എന്നത് ഇതുവരെയുള്ള പോരാട്ടങ്ങള്‍ വ്യക്തമാക്കുന്നു. ഉമര്‍ഗുല്ലും, സയീദ് അജ്മലും, ഷാഹിദ് അഫ്രീദിയും പാക് ബൌളിംഗിനെ സമ്പന്നമാക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും അപകടകാരികളായ സ്പിന്‍ ദ്വയം ലങ്കയ്ക്ക് സ്വന്തമാണ്. മെന്‍ഡിസും മുരളിയും ഉയര്‍ത്തുന്ന ഭീഷണി മറികടന്നാലും ആശ്വസിക്കാന്‍ പാകിസ്ഥാനാവില്ല. മലിംഗയും കഴിഞ്ഞ കളിയില്‍ ഫോമിലേക്ക് ഉയര്‍ന്ന മാത്യൂസുമെല്ലാം പാകിസ്ഥാനുമേല്‍ വിക്കറ്റുകളുടെ ബോംബ് വര്‍ഷിക്കാന്‍ ശേഷിയുളളവരാണ്.

ബാറ്റിംഗാണ് ഇരു ടീമിന്‍റെയും തലവേദന. കഴിഞ്ഞ കളിയില്‍ ഷാഹിദ് അഫ്രീദിയുടേ അപ്രതീക്ഷിത പ്രകടനത്തില്‍ പാകിസ്ഥാന്‍ ആശ്വസിയ്ക്കുമ്പോഴും നല്ല തുടക്കങ്ങള്‍ പാകിസ്ഥാന് പലപ്പോഴും അന്യമാണ്. ലങ്കയ്ക്കും ഓപ്പണിംഗില്‍ തുടങ്ങുന്നു ബാറ്റിംഗ് പ്രശ്നങ്ങള്‍. പഴ പടക്കുതിര സനത് ജയസൂര്യക്ക് ഇതുവരെ തിളങ്ങാനായിട്ടില്ലെന്നതും നായകന്‍ സംഗക്കാരയും ജയവര്‍ധനെയും കഴിഞ്ഞാല്‍ ബാറ്റിംഗ് നിരയെ നയിക്കാന്‍ ആരുമില്ലെന്നതും അവരെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഓപ്പണര്‍ തിലകരത്നെ ദില്‍‌ഷനിലാണ് ബാറ്റിംഗ് പ്രതീക്ഷകള്‍ കുടികൊള്ളുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :