പാക് - ലങ്ക ഫൈനല്‍

ലണ്ടന്‍| WEBDUNIA|
ട്വന്‍റി-20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും എഷ്യന്‍ ഫൈനല്‍. രണ്ടാം സെമിയില്‍ വെസ്റ്റിന്‍ഡീസിന്‍റെ വെല്ലുവിളിയെ അനായാസം മറികടന്നാണ് ലങ്കന്‍ സിംഹങ്ങള്‍ കലാശക്കളിയില്‍ പാകിസ്ഥാനെ നേരിടാന്‍ അര്‍ഹത നേടിയത്. സ്കോര്‍ ശ്രീലങ്ക: 158/5, വെസ്റ്റിന്‍ഡീസ് 17.4 ഓവറില്‍ 101/10.

ടോസ് നേടിയിട്ടും എതിരാളികളെ ബാറ്റ് ചെയ്യാന്‍ വിട്ട വിന്‍ഡീസ് നായകന്‍ ക്രിസ് ഗെയ്‌ലിന്‍റെ തീരുമാനത്തെ വെല്ലുവിളിച്ച് തിലകരത്നെ ദില്‍‌ഷന്‍ (പുറത്താവാതെ 57 പന്തില്‍ 96) നടത്തിയ ഒറ്റയാള്‍പ്പോരാട്ടമാണ് ലങ്കന്‍ വിജയം എളുപ്പമാക്കിയത്. ദില്‍‌ഷന്‍ കെട്ടിയ റണ്‍കോട്ടയ്ക്ക് ലങ്കന്‍ സ്പിന്നര്‍മാര്‍ സമര്‍ത്ഥമായി കാവല്‍ നില്‍ക്കുക കൂടി ചെയ്തതോടെ വിന്‍ഡീസിന്‍റെ ഫൈനല്‍ സ്വപ്നങ്ങള്‍ ഒലിച്ചു പോയി. 158 റണ്‍സ് വിജയലക്‍ഷ്യം പിന്തുടര്‍ന്ന് വിന്‍ഡീസിന് ഒരിക്കല്‍പോലും വിജയത്തിനായി ബാറ്റ് വീശാനായില്ല. 50 പന്തില്‍ 63 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ ക്രിസ് ഗെയ്‌ല്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്ന ഒരേയൊരു ബാറ്റ്‌സ്മാന്‍. മാര്‍ഷല്‍, സിമണ്‍സ്, ബ്രാവൊ എന്നിവര്‍ പൂജ്യരായി മടങ്ങിയപ്പോള്‍ ചന്ദര്‍പോള്‍(7‌), സര്‍വന്‍(5), പൊളാ‍ര്‍ഡ്(3), രാം‌ദിന്‍(9), എന്നിവരെല്ലാം രണ്ടക്കം കാണാതെ മടങ്ങി. ലങ്കയ്ക്കായി എയ്ഞ്ചലോ മാത്യൂസ്, മുരളി എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മെന്‍ഡിസ് രണ്ടും മലിംഗ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കയെ തുടക്കം മുതല്‍ ഒടുക്കംവരെ ദില്‍ഷനാണ് താങ്ങിനിര്‍ത്തിയത്. ആറ് മത്സരങ്ങളില്‍നിന്ന് 317 റണ്‍സോടെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ പദവി ഉറപ്പിച്ച ദില്‍ഷന്റെ ഏറ്റവും മികച്ച ട്വന്റി 20 പ്രകടനമായിരുന്നു ഇത്. ജയസൂര്യയില്‍ നിന്ന് മിന്നല്‍ തുടക്കം പ്രതീക്ഷിച്ച ലങ്കയെ ഞെട്ടിക്കുന്ന രീതിയിലായിരുന്നു ജയസൂര്യയുടെ ഇന്നിംഗ്സ്. സ്ലോ ബോളുകളെറിഞ്ഞ് ജയസൂര്യയുടെ താളം തെറ്റിച്ച വിന്‍ഡീസ് ബൗളര്‍മാര്‍ ജയസൂര്യയെ പിടിച്ചുകെട്ടി. ഒടുവില്‍ 37 പന്തില്‍നിന്ന് 24 റണ്‍സുമായി ജയസൂര്യ മടങ്ങി.

ജയസൂര്യയെ മടക്കിയ അതേ ഓവറില്‍ത്തന്നെ ക്യാപ്റ്റന്‍ സംഗക്കാരയും മടങ്ങിയതോടെ പ്രതിരോധത്തിലായി. മഹേല ജയവര്‍ധനയും പെട്ടെന്ന് മടങ്ങിയതോടെ മൂന്നിന് 77 എന്ന നിലയില്‍ ശ്രീലങ്ക തളയ്ക്കപ്പെട്ടു. ഈ പ്രതിസന്ധിയില്‍നിന്ന് ടീമിനെ അതിവേഗം കരകയറ്റിയ ദില്‍ഷന്‍ നാലാം വിക്കറ്റില്‍ ചമരസില്‍വ(11)യുമൊത്ത് 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അവസാന അഞ്ച് ഓവറില്‍ 60 റണ്‍സ് കണ്ടെത്തിയ ലങ്ക പ്രതിരോധിക്കാവുന്ന സ്കോര്‍ പടുത്തുയര്‍ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :