ക്ഷീണിതരായതല്ല തോ‌ല്‍‌വിയ്ക്ക് കാരണം: ഗാംഗുലി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 20 ജൂണ്‍ 2009 (15:38 IST)
ഐ പി എല്ലില്‍ കളീച്ചു തളര്‍ന്നതല്ല ട്വന്‍റി-20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് കാരണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലി. പ്രതിസന്ധി സമയത്ത് ആരാധകര്‍ ടീമിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ ഒന്നരവര്‍ഷമായി ടീം ഉജ്ജ്വലമായാണ് കളിച്ചു വരുന്നത്. ഒരു ടൂര്‍ണമെന്‍റില്‍ മികവ് കാട്ടാത്തതിന്‍റെ പേരില്‍ ടിമീനെയോ നായകനെയോ ക്രൂശിക്കാനാവില്ല. ഒട്ടേറെ പ്രതിഭകളും കഴിവുറ്റവരും അടങ്ങിയ ടീമാണ് നമ്മുടേത്. ഒരു മോശം ദിവസം ഉണ്ടായതിന്‍റെ പേരില്‍ ടീമിനെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. എല്ലാ ടീമുകള്‍ക്കും ഇത്തരം അവസ്ഥയുണ്ടാകും. അതിനെ എത്രവേഗം മറികടക്കുന്നു എന്നതാണ് പ്രധാനം.

തോളിനേറ്റ പരിക്കില്‍ നിന്ന് മോചിതനായി സേവാഗ് മടങ്ങി വരേണ്ടത് അത്യാവശ്യമാണ്. ക്രിക്കറ്റിലും മറ്റേതൊരു കളിയിലും പരിക്കുകള്‍ സാധാരണമാണ്. സേവാഗ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത താരമാണ്. അതിനാല്‍ അദ്ദേഹത്തിന്‍റെ മടങ്ങിവരവ് എത്രയും പെട്ടെന്ന് നടക്കുന്നുവോ അത്രയും നല്ലത്. ട്വന്‍റി-20 ലോകകപ്പിന്‍റെ ഫൈനലില്‍ ശ്രീലങ്കയ്ക്കായിരിക്കും തന്‍റെ പിന്തുണയെന്നും ഗാംഗുലി പറഞ്ഞു. എന്നാല്‍ പാകിസ്ഥാനും തുല്യസാധ്യതയാണുള്ളതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :