ഇന്ത്യന്‍ ഗര്‍ജ്ജനം നിലച്ചു

ലണ്ടന്‍| WEBDUNIA| Last Modified തിങ്കള്‍, 15 ജൂണ്‍ 2009 (13:03 IST)
ട്വന്‍റി - 20യിലെ നിലവിലെ ചാമ്പ്യന്‍‌മാര്‍ക്ക് ഇനി മടങ്ങാം. സൂപ്പര്‍ എട്ട് എന്ന വലിയ കടമ്പ കടക്കുന്നതില്‍ ഇംഗ്ലണ്ടിനോട് തോറ്റതോടെ സെമി കാണാതെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി. അവസാന ഓവര്‍ വരെ ആവേശം മുറ്റി നിന്ന മത്സരത്തില്‍ ഇന്ത്യയെ മൂന്ന് റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട് സെമി സാധ്യത വര്‍ധിപ്പിച്ചു.

ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 154 റണ്‍സെന്ന വിജയ ലക്‍ഷ്യവുമായ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. മറികടക്കാവുന്ന സ്കോറായിരുന്നിട്ടും അടിച്ചു കളിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. രണ്ടാമത്തെ ഓവറില്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടപ്പെട്ട ഇന്ത്യ റണ്‍ കണ്ടെത്തുന്നതില്‍ നന്നെ വിഷമിച്ചു.

തുടര്‍ന്നെത്തിയ റെയ്നയേയും ഇംഗ്ലീഷുകാര്‍ മടക്കി. ഇര്‍ഫാന്‍ പത്താന് പകരക്കാരനായി ടീമിലെത്തിയ രവീന്ദ്ര ജഡേജയാകട്ടെ കൂറ്റന്‍ അടികള്‍ ഒന്നും നടത്തിയതുമില്ല. യുവരാജും അപ്രതീക്ഷിതമായി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. ആദ്യ പത്ത് ഓവറില്‍ 59 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് അടിച്ചെടുക്കാനായത്.

ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ധോണിയും യൂസഫ് പഠാനും ചേര്‍ന്ന് പൊരുതി നോക്കിയെങ്കിലും അവസാന ഓവറില്‍ ജയത്തിന് മൂന്ന് റണ്‍സ് അകലെ വച്ച് ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. മികച്ച ബോളുകള്‍ മുതലാക്കുന്നതില്‍ ക്യാപ്റ്റനും വേണ്ടത്ര മികവ് പുലര്‍ത്തിയില്ല.

ഇംഗ്ലീഷ് ബൌളര്‍മാരാകട്ടെ ഷോട്ട്‌പിച്ച് ബോളുകള്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റ്സ്മാന്‍‌മാരെ വെള്ളം കുടിപ്പിച്ചു. മികച്ച ഫീല്‍ഡിംഗും ഇംഗ്ലണ്ടിന് തുണയായി. നല്ല പന്തുകള്‍ ബൌണ്ടറി കടത്തുന്നതില്‍ ബാറ്റ്സ്മാന്‍‌മാര്‍ പരാജയപ്പെടുകയും ചെയ്തതോടെ ഇന്ത്യ പരാജം ഇരന്നു വാങ്ങി.

നേരത്തെ ഇംഗ്ലണ്ട് നിരയില്‍ രവി ബൊപ്പാരയും കെവിന്‍ പീറ്റേഴ്സണും മികച്ച പ്രകടനമാണ് കഴ്ച വച്ചത്. 27 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത പീറ്റേഴ്സനാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :