ഇന്ത്യക്ക് ബ്രാവോ ഷോക്ക്

ലണ്ടന്‍| WEBDUNIA| Last Modified ശനി, 13 ജൂണ്‍ 2009 (10:17 IST)
ലോകചാമ്പ്യന്‍‌മാരെന്നും അജയ്യരെന്നുമെല്ലാം ആരാധകര്‍ ഊതിവീര്‍പ്പിച്ച ബലൂണില്‍ വിന്‍ഡീസിന്‍റെ ഡ്വെയ്ന്‍ ബ്രാവോ എന്ന യുവ ഓള്‍ റൌണ്ടര്‍ ആദ്യം പന്തു കൊണ്ടും പിന്നെ ബാറ്റു കൊണ്ടും തുളയിട്ടപ്പോള്‍ സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ ടീം ഇന്ത്യക്ക് ഏഴു വിക്കറ്റിന്‍റെ തോല്‍‌വി. ആദ്യം പന്തു കൊണ്ട് ഇന്ത്യയെ എറിഞ്ഞു വീഴ്ത്തിയ ബ്രാവൊ പിന്നെ ബാറ്റ് കൊണ്ട് വിജയത്തില്‍ നിന്ന് അടിച്ചോടിച്ചു. ആദ്യപോരാട്ടത്തിലെ തോ‌ല്‍‌വിയോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ ലോക ചാമ്പ്യന്മാര്‍ക്ക് സെമി സാധ്യത സ്വപ്നം കാണാനാകു. ബ്രാവോ തന്നെയാണ് കളിയിലെ കേമന്‍. സ്കോര്‍: ഇന്ത്യ 20ഓ‍വറില്‍ ഏഴിന്‌ 153, വെസ്റ്റ്‌ ഇന്‍ഡീസ്‌ 18.4 ഓ‍വറില്‍ മൂന്നിന്‌ 156.

പതിവില്‍ നിന്ന് വിപരീതമായ ക്രിസ് ഗെയ്‌ല്‍ ശാന്തതയുടെ ആള്‍ രൂപമായപ്പോള്‍ സിമണ്‍സും(37 പന്തില്‍ 44) ബ്രാവോയും (36 പന്തില്‍ 66 നോട്ടൗട്ട്) ചേര്‍ന്നാ‍ണ് വിന്‍ഡീസിന് ജയമൊരുക്കിയത്. രണ്ടാം ഓവറില്‍ ഫ്ലെച്ചറെ(0) പുറത്താക്കി ഇര്‍ഫാന്‍ പത്താന്‍ ഇന്ത്യക്ക് നല്ലതുടക്കം നല്‍കി. എന്നാല്‍ ഒരറ്റത്ത് ഗെയ്‌ല്‍ വിക്കറ്റ് കാത്ത് നിന്നതോടെ ഇന്ത്യക്ക് നെഞ്ചിടിപ്പേറി. ഒടുവില്‍ യുസഫ് പത്താന്‍റെ പന്തില്‍ ഗെയ്‌ലിനെ(22) സഹീര്‍ പിടിച്ചു പുറത്താക്കിയപ്പോള്‍ ഇന്ത്യ ആശ്വാസം കൊണ്ടു. എന്നാല്‍ ശരിക്കുള്ള വെടിക്കെട്ട് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. സിമണ്‍സിനെ സാക്ഷി നിര്‍ത്തി ബ്രാവോ അടിച്ചു തകര്‍ത്തപ്പോള്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ കൈകളും ചോര്‍ന്നു. സിമണ്‍സുമായുള്ള ആശയക്കുഴപ്പത്തില്‍ ബ്രാവൊയെ റണ്ണൌട്ടാക്കാന്‍ ലഭിച്ച സുവര്‍ണാവസരം നായകന്‍ ധോണി തന്നെ നഷ്ടമാക്കിയപ്പോള്‍ ഇത് ഇന്ത്യയുടെ ദിവസമല്ലെന്ന് ഉറപ്പായി. ലജ്ക്‍ഷ്യത്തിലേക്ക് 54 റണ്‍സ് അകലെ സിമണ്‍സിനെ നഷ്ടമായെങ്കിലും ചന്ദര്‍പോളുമൊത്ത്(18)‌ബ്രാവോ വിന്‍ഡീസ് വിജയം ആഘോഷിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ ഫാസ്റ്റ് ബൌളര്‍മാരായ എഡ്വര്‍ഡ്സും ടെയ്‌ലറും ചേര്‍ന്ന് വരിഞ്ഞു മുറുക്കിയപ്പോള്‍ കെട്ടുപൊട്ടിക്കന്‍ ഇന്ത്യ പാടുപെട്ടു. ശ്രമിച്ചപ്പോഴൊക്കെ വിക്കറ്റും വീണു. ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം ഇന്ത്യക്ക് നല്ലതുടക്കം നല്‍കിയ രോഹിത് ശര്‍മ(5)ടെയ്‌ലറെ ബൌണ്ടറി അടിച്ചു തുടങ്ങിയെങ്കിലും അടുത്ത പന്തില്‍ പുറത്തായി. പിന്നീടെത്തിയ സുരേഷ് റെയ്‌നയും ഗംഭീറും ചേര്‍ന്ന് സ്കോര്‍ മുന്നോട്ട് നീക്കിയെങ്കിലും ഇന്ത്യക്ക് ഇരട്ട പ്രഹരം നല്‍കി റെയ്നയെ(5) ഏഡ്വര്‍ഡ്സും ഗംഭീറിനെ(14) ബ്രാവോയും മടക്കി അയച്ചതോടെ ഇന്ത്യ പ്രതിരോധത്തിലേക്ക് വലിഞ്ഞു. നായകന്‍ ധോണി(23 പന്തില്‍ 11)യുടെ മെല്ലെപ്പോക്കും ഇന്ത്യയെ പുറകോട്ടടിച്ചു. ഒടുവില്‍ യുവരാജിന്‍റെയും(43 പന്തില്‍ 67),യൂസഫ് പത്താന്‍റെയും(31) അവസാന മൂന്നു പന്തും അതിര്‍ത്തി കടത്തിയ ഹര്‍ഭജന്‍റെയും മികവിലാണ് ഇന്ത്യ 150 കടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :