സര്‍ക്കാരിന് 40,000 കോടിയുടെ അധികവരുമാനം

ന്യൂഡല്‍ഹി| WEBDUNIA|
PRO
വിവിധ ഉല്‍‌പന്നങ്ങളുടെ ഉയര്‍ത്തിയതിലുടെയും പെട്രോളിന്‍റെയും ഡീസലിന്‍റെയും തീരുവ പുനസ്ഥാപിച്ചതിലൂടെയും കേന്ദ്രസര്‍ക്കാരിന് നാല്‍‌പതിനായിരം കോടി രൂപയുടെ അധികവരുമാനം ലഭിക്കും. കേന്ദ്ര റവന്യൂസെക്രട്ടറി സുനില്‍ മിത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എഫ്‌ഐസിസിഐ വാര്‍ഷിക ജനറല്‍ മീറ്റിംഗിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

പെട്രോളിനും ഡീ‍സലിനും ലിറ്ററിന് ഒരു രൂപ നിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ പുനസ്ഥാപിച്ചത്. ഇതിലൂടെ മാത്രം 26,000 കോടി രൂപയാണ് സര്‍ക്കാരിന് വരുമാനമായി ലഭിക്കുക. മറ്റ് ഉല്‍‌പന്നങ്ങളുടെ എക്സൈസ് തീരുവ ഉയര്‍ത്തിയതിലൂടെ 14,000 കോടി രൂപ അധികവരുമാനമായി ലഭിക്കുമെന്നും സുനില്‍ മിത്ര ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് എട്ടുശതമാനമായി കുറച്ചിരുന്ന എക്സൈസ് തീരുവ ബജറ്റില്‍ പത്ത് ശതമാനമായി പുനസ്ഥാപിക്കുകയായിരുന്നു.

അതേസമയം ആദായനികുതിയില്‍ പ്രഖ്യാപിച്ച ഇളവുകളിലുടെ സര്‍ക്കാരിന് 21,000 കോടി രൂപ നഷ്ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സേവന നികുതിയായി മൂവായിരം കോടി രൂപയും നേരിട്ടല്ലാത്ത നികുതിയില്‍ വരുത്തിയ മാറ്റത്തിലൂടെ ആയിരത്തി അഞ്ഞൂറുകോടി രൂപയും ലഭിക്കുമെന്ന് സുനില്‍ മിത്ര ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :