ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2009 (18:44 IST)
എയര്‍ ഇന്ത്യയുടെ പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്ന പൈലറ്റുമാരും ഉദ്യോഗസ്ഥരും ബുധനാഴ്ച മുതല്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് കേന്ദ്രവ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ആവശ്യപ്പെട്ടു. ജോലിക്ക് ഹാജരാകാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാനേജ്മെന്റിന് അധികാരമുണ്ടായിരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എക്സിക്യൂട്ടിവ് പൈലറ്റുമാരുടെ ഒഴികെ മറ്റാരുടെയും പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങള്‍ (പി എല്‍ ഐ) വെട്ടിക്കുറക്കുന്നകാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എക്സിക്യൂട്ടിവ് പൈലറ്റുമാരുടെ കാര്യത്തിലെടുത്ത തീരുമാനം ഇതുവരെ നടപ്പില്‍ വരുത്തിയിട്ടുമില്ല.
പൈലറ്റുമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് മാറ്റിവക്കാനും തല്‍സ്ഥിതി തുടരാനുമാണ് സര്‍ക്കാര്‍ തീരുമാനം. ഈ സാഹചര്യത്തില്‍ പൈലറ്റുമാര്‍ സമരം നടത്തുന്നതിന്‍റെ ആവശ്യകത തനിക്ക് മനസ്സിലാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന്‍റെ അഭിമാനമായ എയര്‍ ഇന്ത്യ ഒട്ടേറെ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത് പരിഹരിക്കാന്‍ പ്രധാനമന്ത്രി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ നിര്‍ദേശമനുസരിച്ച് 5000 കോടി രൂപയാണ് സര്‍ക്കാര്‍ എയരിന്ത്യയില്‍ നിക്ഷപിക്കാനൊരുന്നുന്നത്. എന്നാല്‍ സമരം അവസാനിപ്പിക്കാതെ ഇത്തരം കാര്യങ്ങളിലൊന്നും തീരുമാനമെടുക്കാനാവില്ല. കാര്യങ്ങള്‍ വിശാലതലത്തില്‍ കണ്ട് കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ തയാറാകണം.
എയര്‍ ഇന്ത്യക്ക് ചെലവു ചുരുക്കല്‍ ഒഴിവാക്കാനാവാത്തതാണ്. പണിമുടക്ക് അവസാനിപ്പിക്കുന്നതിനായി സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. നിലവിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. നടപടികളില്ലാതെ എയര്‍ ഇന്ത്യക്കു മുന്നോട്ടു പോകാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ മാനേജ്മെന്റ് നിര്‍ദേശം മുന്നോട്ടു വച്ചതെന്നും മന്ത്രി പറഞ്ഞു.