ജെറ്റ്: തിരു.-മസ്‌കറ്റ് സര്‍വീസ് തുടങ്ങി

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2008 (10:02 IST)

പ്രമുഖ സ്വകാര്യ വിമാന സര്‍വീസായ ജെറ്റ് എയര്‍വേസ് തിരുവനന്തപുരത്ത്‌ നിന്ന്‌ മസ്‌കറ്റിലേയ്‌ക്കുള്ള വിമാന സര്‍വീസ് ആരംഭിച്ചു. ഇതിന്‍റെ ഉദ്‌ഘാടനം തിങ്കളാഴ്‌ച വിദ്യാഭ്യാസമന്ത്രി എം. എ. ബേബി നിര്‍വഹിച്ചു.

ഇത് പ്രതിദിന സര്‍വീസ് ആയിരിക്കുമെന്ന് ജെറ്റ് ചീഫ്‌ കമേഴ്‌സ്യല്‍ ഓഫീസര്‍ സുധീര്‍ രാഘവന്‍ പറഞ്ഞു. ഈ സര്‍വീസിനായി ബോയിങ്ങ്‌ 737 - 800 സീരീസില്‍പ്പെട്ട വിമാനമാണ്‌ ഉപയോഗിക്കുക.

മസ്കറ്റിലേക്കുള്ള വിമാന സര്‍വീസ് ആരംഭിച്ചതിനൊപ്പം അടുത്തമാസം സൗദി അറേബ്യയിലേയ്‌ക്ക്‌ ജെറ്റ്‌ എയര്‍വേസ്‌ തിരുവനന്തപുരത്തുനിന്ന്‌ നേരിട്ട്‌ സര്‍വീസ്‌ നടത്തും.

ദിവസവും രാവിലെ 8.15 ന്‌ തിരുവനന്തപുരത്തുനിന്നും യാത്രതിരിക്കുന്ന വിമാനം മസ്‌കറ്റില്‍ 10.30 ന്‌ എത്തിച്ചേരും. വൈകുന്നേരം 7 ന്‌ ഈ വിമാനം തിരിച്ചെത്തും.

ജെറ്റ്‌ എയര്‍വേയ്‌സിന്‌ 10 ബോയിങ്ങ്‌ 777 - 30 ഇആര്‍, 10 എയര്‍ജെറ്റ്‌ എ 330 - 220, 54 വിവിധയിനം ബോയിങ്ങ്‌ വിമാനങ്ങള്‍ ഉള്‍പ്പെടെ 85 വിമാനങ്ങളാണുള്ളത്‌. ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ ദിവസേന 385 സര്‍വീസുകള്‍ നടത്തുന്നുണ്ട്‌.

അടുത്തിടെയാണ് വിദേശത്തേക്ക് സ്വകാര്യ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയത്. ന്യൂയോര്‍ക്ക്‌, ലണ്ടന്‍, ഹോങ്കോങ്ങ്‌, സിംഗപ്പൂര്‍, ഷാങ്‌ ഹായ്‌ എന്നിവയ്‌ക്ക്‌ പുറമെ വടക്കേ അമേരിക്ക, യൂറോപ്പ്‌, ആഫ്രിക്ക എന്നിവിടങ്ങളിലേയ്‌ക്കും സര്‍വീസ്‌ നടത്താന്‍ കമ്പനി തയ്യാറെടുക്കുകയാണ് എന്ന് രാഘവന്‍ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :