ജി.ഡി.പി 9.3% വര്‍ദ്ധിച്ചു

പണപ്പെരുപ്പ നിരക്ക് 3.94% ആയി കുറഞ്ഞു

ന്യൂഡല്‍‌ഹി| WEBDUNIA| Last Modified വെള്ളി, 31 ഓഗസ്റ്റ് 2007 (18:09 IST)

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസ കാലയളവില്‍, അതായത് ആദ്യ പാദത്തില്‍, രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 9.3 ശതമാനം എന്ന തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. അതേ സമയം വളര്‍ച്ചാ നിരക്ക് സാമ്പത്തിക വര്‍ഷത്തെ അടുത്ത പാദത്തില്‍ കുറഞ്ഞേക്കുമെന്നും സൂചനയുണ്ട്.

ആഭ്യന്തര ഉല്‍പ്പാദന നിരക്ക് വര്‍ദ്ധിച്ചതിനൊപ്പം രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 3.94 ശതമാനമായി കുറഞ്ഞതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 18 ല്‍ അവസാനിക്കുന്ന ആഴ്ചയിലെ കണക്കനുസരിച്ചാണിത്.

ആഗോള എണ്ണ വിപണിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന വില രാജ്യത്തെ നാണയപ്പെരുപ്പത്തെ സാരമായി ബാധിച്ചേക്കും എന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതിനു തൊട്ടു പിറകെയാണ് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച ജി.ഡി.പി വളര്‍ച്ചാ നിരക്കും പണപ്പെരുപ്പ നിരക്കും വെളിപ്പെടുത്തിയത്.

അതേ സമയം 2006-07 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 9.6 ശതമാനമായിരുന്നു താനും. ജിഡിപി നിരക്ക് വെളിപ്പെടുത്തിയതോടെ ആഭ്യന്തര ഓഹരി വിപണിയിലും മികച്ച ഉണര്‍വുണ്ടായതായി സൂചനയുണ്ട്.

ജി.ഡി.പി വളര്‍ച്ചാ നിരക്ക് നന്നേ കുറയുമെന്നായിരുന്നു പ്രതീക്ഷിച്ചത്. റിസര്‍വ് ബാങ്ക് പോലും ജി.ഡി.പി വളര്‍ച്ചാ നിരക്ക് 8.5 ശതമാനമായിരിക്കും എന്നായിരുന്നു പ്രതീക്ഷിച്ഛത്. എന്നാല്‍ ഇത് 9.3 ശതമാനമായി എന്നത് വളരെ നല്ലകാര്യമെന്നാണ് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മോണ്ടെക് സിംഗ് അലുവാലിയ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :