കോര്‍പ്പറേറ്റുകള്‍ക്കും ഇന്ത്യയില്‍ ബാങ്ക് തുടങ്ങാം

മുംബൈ| WEBDUNIA|
PRO
PRO
സ്വകാര്യ മേഖലയില്‍ ഇനി പുതിയ ബാങ്ക് തുടങ്ങാന്‍ കുറഞ്ഞത് 500 കോടി മൂലധനമായി വേണ്ടിവരും. മാത്രമല്ല ആദ്യത്തെ അഞ്ചുവര്‍ഷം വിദേശ ഓഹരി പങ്കാളിത്തം 49 ശതമാനത്തില്‍ അധികമാകാനും പാടില്ല. പുതിയ ബാങ്കിംഗ് ലൈസന്‍സുകളെക്കുറിച്ച് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കരട് മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഈ കരട് രേഖ അനുസരിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യയില്‍ ബാങ്ക് തുടങ്ങാം.

നിലവില്‍ ബാങ്ക് തുടങ്ങുന്നതിനുള്ള കുറഞ്ഞ മൂലധനം 300 കോടി രൂപയും കൂടിയ വിദേശ ഓഹരി പങ്കാളിത്തം 74 ശതമാനവുമാണ്.

കുറഞ്ഞത് 10 വര്‍ഷത്തെയെങ്കിലും വിജയകരമായ പ്രവര്‍ത്തന പരിചയമുള്ള കമ്പനികള്‍ക്കായിരിക്കും പുതിയ ബാങ്ക് തുടങ്ങാനുള്ള അനുമതി നല്‍കുകയെന്ന് റിസര്‍വ് ബാങ്ക് കരട് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ആകെ വരുമാനത്തിന്റെ 10 ശതമാനമോ അതിലധികമോ റിയല്‍എസ്റ്റേറ്റ്, നിര്‍മാണ, ബ്രോക്കിംഗ് മേഖലകളില്‍നിന്നാണെങ്കില്‍ അത്തരം കമ്പനികളെ ബാങ്ക് തുടങ്ങുന്നതില്‍ അയോഗ്യരായി കണക്കാക്കുമെന്നും കരട് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

പുതിയ ബാങ്ക് തുടങ്ങുന്നവര്‍ തങ്ങളുടെ ശാഖകളുടെ 25 ശതമാനമെങ്കിലും നിലവില്‍ ബാങ്കിംഗ് സൌകര്യമില്ലാത്ത ഗ്രാമീണമേഖലയിലാകണമെന്നും റിസര്‍വ് ബാങ്ക് കരട് നിര്‍ദേശത്തില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :