മുംബൈ: രാജ്യത്തെ വര്‍ദ്ധിച്ച തോതിലുള്ള പണപ്പെരുപ്പ നിരക്ക് നിയന്തണവിധേയമാക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടികള്‍ കൂടുതല്‍ ശക്തമാവുന്നു. ഇതിന്‍റെ തുടക്കമെന്നോണം തിങ്കളാഴ്ച തന്നെ ആര്‍.ബി.ഐ റിപ്പോ നിരക്ക്, ക്യാഷ് ക്രെഡിറ്റ് റേഷ്യോ എന്നിവ 0.5 ശതമാനം നിര്‍ക്കില്‍ വര്‍ദ്ധിപ്പിച്ചു കഴിഞ്ഞു.
ഇത് വാണിജ്യ ബാങ്കുകളുടെ പലിശ നിരക്കില്‍ വര്‍ദ്ധന വരുത്തുമെന്നാണ് പൊതുവേ കരുതുന്നത്. ആഭ്യന്തര വിപണിയിലുണ്ടായ അമിതമായ വിലക്കയറ്റമാണ് തത്വത്തില്‍ പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഇതിന്‍റെ പിറകില്‍ ആഗോള ഓഹരി വിപണിയില്‍ ഉയര്‍ന്ന എണ്ണ വിലയാണ് പ്രധാന കാരണമായത്.
നിലവിലുള്ള പണപ്പെരുപ്പ നിരക്ക് വര്‍ദ്ധന 11.05 ശതമാനമാണ് - കഴിഞ്ഞ 13 വര്‍ഷക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. അതേ സമയം പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആര്‍.ബി.ഐ എടുക്കുന്ന നടപടികള്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ ബാധിക്കില്ലെന്നാണ് ആര്‍.ബി.ഐ ഗവര്‍ണ്ണറും ധനകാര്യ മന്ത്രാലയവും പറയുന്നത്.
പണപ്പെരുപ്പ നിരക്ക് വര്‍ദ്ധന വരുന്ന നാലഞ്ച് മാസങ്ങള്‍ക്കുള്ളില്‍ വരുതിയിലായേക്കുമെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിംഗ് അലുവാലിയയും ചൊവ്വാഴ്ച വിശദമാക്കിയിരുന്നു. കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാവും എന്നും വിലവര്‍ദ്ധനയ്ക്ക് കാര്യമായ കുറവുണ്ടാകുമെന്നും ഫലത്തില്‍ ഇത് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഉതകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഏതാണ്ട് ഇതേ അഭിപ്രായമാണ് ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ റെഡ്ഡിയും അറിയിച്ചത്.
അതേ സമയം ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞില്ലെങ്കില്‍ പണപ്പെരുപ്പ നിരക്ക് കുറയാന്‍ സാധ്യതയില്ലെന്ന് മറ്റൊരു വശവുമുണ്ടെന്ന് ധനകാര്യ വിദഗ്ദ്ധര്‍ പറയുന്നു. ഇതിനു പ്രധാന കാരണം രാജ്യത്തെ എണ്ണയുടെ ഉപഭോഗത്തിലെ 70 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത് എന്നാണ്.
WEBDUNIA|
Last Modified ബുധന്‍, 25 ജൂണ്‍ 2008 (15:44 IST)