ഇന്ത്യ - റഷ്യ വ്യാപാരം 10 ബില്യണ്‍ ഡോളറാക്കും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (19:35 IST)
ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2010ഓടെ 10 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തും. രാജ്യത്തെ റഷ്യന്‍ ഫെഡറേഷന്‍ ട്രേഡ് കമ്മീഷണര്‍ ഇഎ കോര്‍ഷുനോവ് ആണ് ഇക്കാര്യമറിയിച്ചത്.

2008ല്‍ ഏഴ് ബില്യണ്‍ ഡോളറായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം. കഴിഞ്ഞ 3 - 4 വര്‍ഷങ്ങളായി വ്യാപാരത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് കോര്‍ഷുനോവ് വിലയിരുത്തി. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യ - റഷ്യ വ്യാപാരം 2009 വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 30 ശതമാനത്തോളം ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയും റഷ്യയും ഇതുവരെ സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പുവച്ചിട്ടില്ലെങ്കിലും അടുത്ത വര്‍ഷത്തോടെ വ്യാപരം 10 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷയെന്നും കോര്‍ഷുനോവ് പറഞ്ഞു.

അതേസമയം ലോക വ്യാപാര സംഘടനയില്‍ റഷ്യയുടെ അംഗത്വം അംഗീകരിക്കപ്പെട്ടതിന് ശേഷമേ സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പുവയ്ക്കാനാവൂ എന്ന് വാണിജ്യ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി നീരജ് കുമാര്‍ ഗുപ്ത പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുഗമമായ സാധന സേവന ഇടപാടുകള്‍ സാധ്യമാക്കുന്നതാണ് പുതിയ കരാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :