അമ്പട ഗൂഗിളേ, ചൈനയോടോ കളി?

ബീജിംഗ്| WEBDUNIA|
അമേരിക്കന്‍ ടെലികോം കമ്പനിയായ മോട്ടൊറോളയെ ഏറ്റെടുത്തുകൊണ്ട് വിപണി വലുതാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിളെന്ന വാര്‍ത്തകള്‍ ഇതിനകം തന്നെ ശ്രദ്ധ പിടിച്ച് പറ്റിക്കഴിഞ്ഞു. ഗൂഗിള്‍ ആരെ വേണമെങ്കിലും ഏറ്റെടുത്തോട്ടെ. എന്നാല്‍ അതിന് മുമ്പ് തങ്ങളുടെ അനുമതി വാങ്ങിയിരിക്കണം എന്നാണ് ചൈനാ സര്‍ക്കാര്‍ പറയുന്നത്.

ചൈനയുടെ ആഭ്യന്തര നിയമം ചൂണ്ടിക്കാട്ടിയാണ് ചൈനയിത് വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളും ചുവപ്പന്‍ രാജ്യമായ ചൈനയും തമ്മില്‍ ഒട്ടേറെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ചെനയുടെ മണ്ണില്‍ നിന്ന് തങ്ങളെ കെട്ടുകെട്ടിക്കാനാണ് ചൈനീസ് സര്‍ക്കാരിന്റെ അജണ്ടയെന്ന് പലപ്പോഴും ഗൂഗിള്‍ തുറന്നടിച്ചിട്ടുമുണ്ട്.

ഏകദേശം 12.5 ബില്യണ്‍ ഡോളര്‍ നല്‍‌കിയാണ് മൊബിലിറ്റിയെ ഗൂഗിള്‍ ഏറ്റെടുക്കുന്നത്. മൊബൈല്‍ സാങ്കേതികരംഗത്ത് മോട്ടൊറോള കൈവരിച്ചിട്ടുള്ള നേട്ടങ്ങളും നേടിയെടുത്തിട്ടുള്ള പേറ്റന്റുകളും തന്നെയാണ് ഗൂഗിളിന്റെ ഉന്നം. എന്നാല്‍ ആഗോള തലത്തില്‍ 10 ബില്യണ്‍ യുവാനും ചൈനയില്‍ 400 മില്യണ്‍ യുവാനും വരുമാനമുണ്ടാക്കുന്ന കമ്പനികള്‍ വേറെയേതെങ്കിലും കമ്പനികളെ വാങ്ങുന്നതിന് മുമ്പ് ചൈനീസ് അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം എന്നാണ് ചൈനയിലെ നിയമം. ഗൂഗിളാകട്ടെ, മോട്ടൊറോളയെ വാങ്ങുന്ന കാര്യം ചൈനയെ അറിയിച്ചിട്ടുമില്ല.

“മന്ത്രാലയത്തിന് ഇതുവരെ ‘ആന്റി-മോണോപ്പൊളി’ അവലോകനത്തിനായി ഒരു അപേക്ഷയും ലഭിച്ചിട്ടില്ല,” ചെനിഅയുടെ വാണിജ്യ മന്ത്രാലയത്തിന്റെ വക്താവ് ഷെന്‍ ഡാന്യാംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഗൂഗിള്‍ അനുമതി തേടാത്ത സാഹചര്യത്തില്‍ എന്ത് നടപടികളാണ് ഉണ്ടാവുകയെന്ന് പറയാന്‍ ഷെന്‍ ഡാന്യാംഗ് വിസമ്മതിച്ചു. എന്തായാലും, ചൈനയും ഗൂഗിളും തമ്മിലുള്ള സംഘര്‍ഷം വീണ്ടും കൊഴുക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :