അനുബന്ധ വാര്‍ത്തകള്‍
- വൈറ്റ് നിറത്തിലുള്ള കസ്റ്റം ഡിയോർ ഗൗൺ; ഓസ്കർ വേദിയിൽ തിളങ്ങി പ്രിയങ്ക ചോപ്ര
- ഓസ്കർ വേദിയിൽ അവതാരകയായി പ്രിയങ്ക ചോപ്രയും
- Priyanka Chopra : ബോളിവുഡ് വിടണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല — പ്രിയങ്ക ചോപ്ര
- നായകൻ ഇടപെട്ട് മറ്റൊരു നായികയ്ക്കായി എന്നെ പുറത്താക്കി, സിനിമ ഒഴിവാക്കി പഠിക്കാൻ തീരുമാനിച്ചിരുന്നു : പ്രിയങ്ക ചോപ്ര
- 'പ്രിയങ്ക ചോപ്ര ഇന്ത്യയുടെ അഭിമാനം'; പ്രശംസിച്ച് ശശി തരൂർ
പ്രിയങ്ക ചോപ്രയുടെ 'അനോമലി' ഇനി അംബാനിയുടെ കൈകളിൽ; വൻ ബ്രാൻഡ് ഏറ്റെടുക്കലുമായി റിലയൻസ് റീട്ടെയ്ൽ
മുംബൈ: ആഗോള സൗന്ദര്യവര്‍ദ്ധക വിപണിയില്‍ ആധിപത്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനസിന്റെ ഹെയര്‍കെയര്‍ ബ്രാന്‍ഡായ 'അനോമലി' (Anomaly) ഏറ്റെടുത്ത് റിലയന്‍സ് റീട്ടെയ്ല്‍ ലിമിറ്റഡ്. ബ്രാന്‍ഡിന്റെ ട്രേഡ്മാര്‍ക്ക്, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് എന്നിവയുള്‍പ്പെടെയുള്ള പൂര്‍ണ്ണ അവകാശമാണ് റിലയന്‍സ് സ്വന്തമാക്കിയത്. ഇതോടെ രാജ്യത്തെ ബ്യൂട്ടി, പേഴ്സണല്‍ കെയര്‍ (BPC) മേഖലയില്‍ റിലയന്‍സ് റീട്ടെയ്ലിന്റെ കരുത്ത് ഇരട്ടിയാകും.
ലക്ഷ്യം ആഗോള വിപുലീകരണം
2021-ല്‍ ആരംഭിച്ച 'അനോമലി' കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ബ്രാന്‍ഡാണ്. പരിസ്ഥിതി സൗഹൃദവും (Vegan), രാസവസ്തുക്കള്‍ ഇല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ അമേരിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ സജീവമായ ബ്രാന്‍ഡിനെ റിലയന്‍സിന്റെ കൂറ്റന്‍ റീട്ടെയ്ല്‍ ശൃംഖലയിലൂടെയും 'ടീറ' (Tira) എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയും ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പുതിയ സംരംഭത്തെക്കുറിച്ച് റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ചേഴ്സ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞതിങ്ങനെ:
'അനോമലിയെ ഞങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുത്തുന്നത് പുതിയ കാലത്തെ ബ്യൂട്ടി ബ്രാന്‍ഡുകളുടെ വിപുലീകരണത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പാണ്. പ്രിയങ്ക ചോപ്രയുമായി ചേര്‍ന്ന് ഈ ബ്രാന്‍ഡിനെ ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലും കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.'
ബ്രാന്‍ഡ് വിറ്റഴിച്ചെങ്കിലും അനോമലിയുടെ ക്രിയേറ്റീവ് ഡയറക്ടറായി പ്രിയങ്ക ചോപ്ര തുടരും. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നതിനും താരം സജീവമായി ഇടപെടും. റിലയന്‍സിന്റെ വിപുലമായ ശൃംഖലയും ഇഷ അംബാനിയുടെ കാഴ്ചപ്പാടും അനോമലിയെ പുതിയ തലങ്ങളിലേക്ക് നയിക്കുമെന്ന് പ്രിയങ്ക വ്യക്തമാക്കി.
ഇന്ത്യക്കാരുടെ മുടിയുടെയും ശിരോചര്‍മ്മത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുത്ത് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നുണ്ട്. യുഎസ്, യുകെ, മിഡില്‍ ഈസ്റ്റ് വിപണികളില്‍ കൂടുതല്‍ കരുത്തോടെ ബ്രാന്‍ഡിനെ അവതരിപ്പിക്കാനും നീക്കമുണ്ട്. സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ ടാറ്റ, നൈക തുടങ്ങിയ വമ്പന്മാരുമായി മത്സരിക്കുന്ന റിലയന്‍സിന് പ്രിയങ്ക ചോപ്രയുടെ ഈ ബ്രാന്‍ഡ് വലിയൊരു മുതല്‍ക്കൂട്ടാകും.