അഭിറാം മനോഹർ|
Last Modified വ്യാഴം, 12 ഫെബ്രുവരി 2026 (15:42 IST)
ഓഹരിവിപണിയില്‍ തകര്‍ന്നടിഞ്ഞ് നിഫ്റ്റി ഐടി സൂചിക. 5 ശത്മാനത്തിലധികം തകര്‍ന്നടിഞ്ഞ ഐടി സൂചിക 33,252 നിലവാരത്തിലെത്തി.കോഫോര്‍ജും ഇന്‍ഫോസിസും 5% വീതം ഇടിഞ്ഞപ്പോള്‍, ടിസിഎസ്, ടെക് മഹീന്ദ്ര, എംഫാസിസ്, എല്‍ടിഐ മൈന്‍ഡ്ട്രീ, പെര്‍സിസ്റ്റന്റ് സിസ്റ്റംസ് എന്നിവയും 4% ത്തിലധികം ഇടിവ് രേഖപ്പെടുത്തി.
അമേരിക്കയില്‍ നിന്ന് പ്രതീക്ഷിച്ചതിലധികം തൊഴിലവസര വര്‍ധന കാണിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും AI ഓട്ടോമേഷന്‍ ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളുടെ തൊഴിലാധിഷ്ഠിത മോഡലുകളെ ലക്ഷ്യമാക്കുന്നുവെന്ന വാര്‍ത്തകളാണ് ഇന്ത്യന്‍ വിപണിയെ ബാധിച്ചത്. വാള്‍സ്ട്രീറ്റിലും ടെക് സ്റ്റോക്കുകള്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി.ആന്ത്രോപിക് ക്ലോഡ് AI യുടെ പുതിയ ഉപകരണങ്ങള്‍ പ്രഖ്യാപിച്ചതോടെ കോഡിംഗ്, ടെസ്റ്റിംഗ്, ടെക് സപ്പോര്‍ട്ട്, ബാക്ക്-ഓഫീസ് ജോലികള്‍ എന്നിവയുടെ ആവശ്യകത കുറയുമോ എന്ന ആശങ്ക വിപണിയില്‍ ഉയര്‍ന്നതാണ് തകര്‍ച്ചയുടെ കാരണം.
2025ല്‍ 13% ഇടിഞ്ഞ നിഫ്റ്റി ഐടി സൂചിക 2026 ല്‍ ഇതുവരെ 11% കൂടി കുറഞ്ഞു. കമ്പനികളുടെ മോശം വരുമാനമല്ല മറിച്ച് ഭാവി ബിസിനസ് മോഡലുകളുടെ സുസ്ഥിരതയെക്കുറിച്ചുള്ള ആശങ്കയാണ് ഓഹരി വിലകളെ താഴേക്ക് വലിക്കുന്നത്. വര്‍ഷങ്ങളായി AI-യെ തൊഴിലാളികളെ സഹായിക്കാനുള്ള ഉപകരണമായിരുന്നുവെങ്കില്‍ ഇന്ന് പല തൊഴിലുകളുടെയും പകരക്കാരായി എ ഐ മാറുന്നു എന്ന വാര്‍ത്തകളാണ് ആശങ്കയ്ക്കും തകര്‍ച്ചയ്ക്കും കാരണം.