അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (17:30 IST)
മുംബൈ: ഇന്ത്യയിലെ നിക്ഷേപ ലോകത്ത് നിര്‍ണായക മാറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിയുമായി ജിയോ-ബ്ലാക്ക്റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് രംഗത്ത്. 'ജിയോ-ബ്ലാക്ക്റോക്ക് പേഴ്‌സണലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസ്' എന്ന പേരില്‍ ഡിജിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സേവനമാണ് കമ്പനി ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്നത്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും ലോകത്തിലെ ഏറ്റവും വലിയ ആസ്തി മാനേജര്‍മാരിലൊന്നായ ബ്ലാക്ക്റോക്കും 50:50 പങ്കാളിത്തത്തോടെയാണ് ഇത് രൂപീകരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ജനതയെ വെറും സേവിംഗ്‌സ് ആശ്രയിക്കുന്നവരില്‍ നിന്ന്
നിക്ഷേപകരാക്കി മാറ്റുക എന്നതാണ് കമ്പനിയിലൂടെ ജിയോ ലക്ഷ്യമിടുന്നത്. ജിയോയുടെ വിപുലമായ ഡിജിറ്റല്‍ കണക്റ്റിവിറ്റിയും
ബ്ലാക്ക്റോക്കിന്റെ ആഗോള നിക്ഷേപ പരിചയവും കമ്പനിക്ക് മുതല്‍ക്കൂട്ടാകും. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഈശ എം. അംബാനി ചടങ്ങില്‍ പങ്കെടുത്തു. ഓരോ ഇന്ത്യക്കാരന്റെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക,വികസിത ഭാരത് 2047 എന്നതിലേക്കുള്ള യാത്രയാണ് ഇതെന്നും ഈശ പറഞ്ഞു.
പദ്ധതിയില്‍ 10,000 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം. നിക്ഷേപകന്റെ ലക്ഷ്യങ്ങളും റിസ്‌ക് മാനേജ്‌മെന്റും വിലയിരുത്തി പോര്‍ട്ട്‌ഫോളിയോ നിരന്തരം നിരീക്ഷിക്കുകയും വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
സാധാരണ നിക്ഷേപകരെ മുന്‍നിര്‍ത്തിയാണ് സേവനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വാര്‍ഷിക ഫീസായി 350 രൂപയാകും ഈടാക്കുക.
ഒരു ലക്ഷത്തിന് മുകളില്‍ 0.35 ശതമാനം വാര്‍ഷിക ഫീസ് ഈടാക്കും. ആദ്യ 3 മാസം സേവനം സൗജന്യമായിരിക്കും. സേവനം നിലവില്‍ ജിയോഫിനാന്‍സ് ആപ്പില്‍ ലഭ്യമാണ്.അടുത്ത ഘട്ടത്തില്‍ ഇത് മൈ ജിയോ ആപ്പിലേക്കും വിപുലീകരിക്കുമെന്ന് കമ്പനി അറിയിച്ചു.