13 എംപി കാമറയുമായി എച്ച്‌ടിസിയുടെ വക ഉഗ്രന്‍ സെല്‍ഫി ഫോണ്‍

VISHNU.NL| Last Updated: വെള്ളി, 10 ഒക്‌ടോബര്‍ 2014 (17:41 IST)

സെല്‍ഫി പ്രേമികള്‍ക്കിതാ സന്തോഷ വാര്‍ത്ത. സാംസംഗിനേയും മൈക്രോസോഫ്റ്റിനേയും മലര്‍ത്തിയടിക്കുന്ന സെല്‍ഫി സ്മാര്‍ട്ട്‌ഫോണുമായി എച്‌ടിസി രംഗത്ത്. എച്ച്ടിസി ഡിസൈര്‍ ഐ എന്ന് പേരിട്ടിരിക്കുന്ന ഫോണിന് മുന്നിലും പിന്നിലും പതിമൂന്ന് മെഗാപിക്സല്‍ കാമറയാണുള്ളത്. എന്നാല്‍ ഫോണ്‍ എപ്പോള്‍ പുറത്തിറങ്ങുമെന്നോ വിലയെന്താണന്നൊ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇതുവരെ പുറത്തിറങ്ങിയ സ്മാര്‍ട്‌ഫോണുകളില്‍ വെച്ച് ഏറ്റവും കൂടുതല്‍ റെസലൂഷനുള്ള മുന്‍ ക്യാമറ ഡിസൈര്‍ ഐയില്‍ മാത്രമാണുള്ളത്. അതിനാല്‍ തന്നെ സാംസംഗിനും മൈക്രോമാക്സിനും ‌എച്ടിസിയുടെ നീക്കം അങ്കലാപ്പുണ്ടാക്കുമെന്ന് സാരം. സ്മാര്‍ട്‌ഫോണിന്റെ പ്രധാന സവിശേഷത വ്യക്തമായ ചിത്രങ്ങളെടുക്കാവുന്ന മുന്‍ ക്യാമറ തന്നെയാണ്.

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡിസൈര്‍ ഐയില്‍ നാച്ചുറല്‍ ടോണ്‍ നല്‍കാന്‍ മുന്‍ക്യാമറയ്ക്കും പിന്‍ക്യാമറയ്ക്കും രണ്ട് എല്‍ഇഡി ഫ്‌ളാഷ് ലൈറ്റുകള്‍ ഉണ്ട്. കുറഞ്ഞ പ്രകാശത്തിലും വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന ബിഎസ്‌ഐ സെന്‍സറുകള്‍ ഇരു ക്യാമറയ്ക്കുമുണ്ട്. ഫേസ് ട്രാക്ക് ചെയ്ത് കൂടുതല്‍ മികവാര്‍ന്ന ഫോട്ടോ എടുക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയറും ഫോണിലുണ്ടായിരിക്കുമെന്ന് കമ്പനി പറയുന്നു.

സെല്‍ഫി ആരാധകര്‍ക്ക് സെല്‍ഫിയൊരു നവീന അനുഭവമാക്കി മാറ്റുന്നതിനായി സ്പ്ലിറ്റ് ക്യാപ്ച്ചര്‍ സൗകര്യവും ഫോണില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. മുന്‍ക്യാമറയിലും പിന്‍ക്യാമറയിലും പകര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും കൂട്ടിച്ചേര്‍ക്കാന്‍ ഇത് സഹായിക്കും. ഒരു ത്രിഡി സെല്‍ഫിയെടുത്ത അനുഭവമായിരിക്കും ഇത് നല്‍കുക. കൂടാതെ സ്ക്രീന്‍ ഷെയറിംഗ് സൌകര്യവും ഫോണിലുണ്ട്.

5.2 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ബോഡി വാട്ടര്‍ പ്രൂഫാണെന്നാണ് കമ്പനിയുടെ വാദം. രണ്ടു നിറങ്ങള്‍ ഇടകലര്‍ത്തിയ ബോഡിയാണ് ഫോണിന്റേത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍ കരുത്ത് പകരുന്ന ഫോണില്‍ 2 ജിബി റാം ഉണ്ട്. അതിനാല്‍ ആപ്ലിക്കേഷനുകള്‍ക്ക് നല്ലവേഗത ലഭിക്കുമെന്നത് മെച്ചപ്പെട്ട സ്മാര്‍ട്ട്‌ഫൊണ്‍ അനുഭവം നല്‍കും.

16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഇന്റേണല്‍ മെമ്മറിയാണ് ഫോണിനുള്ളത്. ഇത് മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 128 ജിബിവരെ വര്‍ധിപ്പിക്കാം. 2400 എംഎഎച്ച് ലിപൊ ബാറ്ററിയാണ് ഡിസൈര്‍ ഐക്ക് ജീവന്‍ നല്‍കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :