ബൈക്ക് വാങ്ങു, കീശ കാലിയാക്കാം!

മുംബൈ| VISHNU.NL| Last Modified ശനി, 26 ജൂലൈ 2014 (10:08 IST)
ബൈക്കു വാങ്ങി ചെത്തി നടക്കാന്‍ കൊതിക്കുന്നവര്‍ക്ക് ഇരുട്ടടിയായി പുതിയ ഇന്‍ഷുറന്‍സ് നയം വരുന്നു. ഇരുച്ചക്രവാഹനങ്ങള്‍ വാങ്ങുന്ന വ്യക്തി ഇനി മുതല്‍ അഞ്ചു വര്‍ഷത്തെ ഇന്‍ഷുറന്‍സ് പ്രീമിയം ഒറ്റയടിക്ക് അടയ്ക്കണം എന്നതാണ് പുതിയ തീരുമാനം.

അടുത്ത വര്‍ഷം നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. 2015 ഏപ്രില്‍ മുതല്‍ അഞ്ചു വര്‍ഷത്തേക്ക് ഒറ്റയടിക്ക് ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കണമെന്ന് ഇന്‍ഷറന്‍സ് നിയന്ത്രിക്കുന്ന ഐആര്‍ഡിഎ പറയുന്നത്. നിലവില്‍ വാഹനം വാങ്ങുന്ന ആള്‍ ആദ്യ വര്‍ഷത്തേ ഇന്‍ഷുറന്‍സ് അടക്കുന്നതാണ് നിലവിലെ രീതി.

കൂടാതെ ആദ്യ വര്‍ഷത്തിനു ശേഷം ഉപഭോക്താവിന് ഇഷ്ടമുള്ള ഇന്‍ഷുറന്‍സ് കമ്പനി തിരഞ്ഞെടുത്ത് ഫീസ് അടയ്ക്കുന്ന രീതിക്കും വാഹനത്തിനു കേടുപാടുകള്‍ സംഭവിച്ചില്ലെങ്കില്‍ വര്‍ഷാവര്‍ഷം പ്രീമിയം തുക കുറയുന്ന രീതിയിലും മാറ്റം വരും.

വാഹന വില്‍പ്പനയേ പ്രതികൂലമായി ബാധിക്കാവുന്ന തീരുമാനത്തില്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ ഇതൊടെ ആശങ്കയിലായി. വാഹന വായ്പ്പയെടുത്ത് ബൈക്ക് വാങ്ങുന്നവരെയാണ് ഇത് കൂടുതലും ബാധിക്കുക. വാഹന വായ്പ്പക്കു പുറമേ അഞ്ചു വര്‍ഷത്തേ ഇന്‍ഷുറന്‍സ് തുകയും അടക്കേണ്ടി വരും എന്നത് ഇവരെ പ്രതിസന്ധിയിലാക്കും.

ഐആര്‍ഡിഎ സ്വകാര്യ ഇന്‍‍ഷുറന്‍സ് കമ്പനികളെ സഹായിക്കാനാണ് ഇതിന് കൂട്ടുനില്‍ക്കുന്നതെന്നാണ് ആരോപണം. ഇന്‍ഷുറന്‍സ് ഏജന്‍റുമാര്‍ക്കും ഇത് പ്രതിസന്ധിയുണ്ടാക്കും. ആദ്യം ഇരുച്ചക്രവാഹനങ്ങള്‍ക്കും പിന്നീട് കാറുള്‍പ്പെടെയുള്ള മറ്റു വാഹനങ്ങള്‍ക്കും ഇത് ഏര്‍പ്പെടുത്തുമെന്ന ഭീതിയും ഏജന്‍റുമാര്‍ക്കും ഉപഭോക്താവിനുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :