ആഴ്ചയിൽ അഞ്ച് പ്രവർത്തിദിനം മതി, 27ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്, 4 ദിനം ബാങ്കുകൾ അടഞ്ഞുകിടക്കും

Bank Employees strike demands five day work in week
അഭിറാം മനോഹർ|
ന്യൂഡല്‍ഹി: ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തന സമയം ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ശുപാര്‍ശ വന്ന് 2 വര്‍ഷമായിട്ടും കേന്ദ്ര നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് 27ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU)ആണ് ജനുവരി 27ന്
രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവില്‍ ബാങ്കുകള്‍ക്ക് രണ്ടാം ശനിയാഴ്ചകളിലും നാലാം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മാത്രമാണ് അവധി. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI), ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (LIC), ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (GIC) തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ ഇതിനകം തന്നെ അഞ്ച് ദിവസത്തെ ജോലി സംവിധാനം പിന്തുടരുന്നുണ്ടെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ക്കും സമാന സംവിധാനം നടപ്പാക്കുന്നതില്‍ യാതൊരു തടസ്സവും ഇല്ലെന്നാണ് ജീവനക്കാരുടെ വാദം.

അഞ്ച് ദിവസത്തെ ജോലി ആഴ്ച നടപ്പാക്കിയാല്‍ മൊത്തം ജോലി സമയം കുറയുമെന്ന ആരോപണങ്ങളെ യൂണിയനുകള്‍
തള്ളി. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസേന 40 മിനിറ്റ് അധികം ജോലി ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറാണെന്നും യൂണിയനുകള്‍ അറിയിച്ചു.
ഐബിഎ ശുപാര്‍ശ സമര്‍പ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് യൂണിയനുകള്‍ പറയുന്നത്. പ്രവര്‍ത്തിദിവസം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി മാര്‍ച്ചില്‍ നടക്കാനിരുന്ന ബാങ്ക് പണിമുടക്ക് യുഎസ്ബിയു അവസാന നിമിഷം മാറ്റിവെച്ചിരുന്നു. ജീവനക്കാരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്. വിഷയം സജീവ പരിഗണനയിലാണെന്ന മറുപടിയാണ് ചീഫ് ലേബര്‍ കമ്മീഷണറുടെ യോഗങ്ങളില്‍ ധനമന്ത്രാലയല്‍ സ്ഥിരമായി നല്‍കുന്നത്.

ജനുവരി 24,25, 26 തീയതികളില്‍ അവധി ദിവസങ്ങളായതിനാല്‍ 27ന് സമരം വരുന്നതോടെ ജനുവരി 24 മുതല്‍ 27 വരെ തുടര്‍ച്ചയായി 4 ദിവസത്തോളം ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെടും. ഇത് പൊതുജനങ്ങള്‍ക്കും വ്യാപാര മേഖലക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :