പൈലറ്റ് സമരം: എയര്‍ ഇന്ത്യക്ക് നഷ്ടം 27 കോടി

മുംബൈ| WEBDUNIA|
PRO
PRO
ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് പൈലറ്റുമാര്‍ നടത്തിവരുന്ന സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ കനത്ത നഷ്ടം നേരിടുന്നു. സര്‍വീസുകള്‍ റദ്ദുചെയ്യേണ്ടി വന്നതിനാല്‍ വരുമാനത്തില്‍ 27 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

സമരം തുടങ്ങിയ ദിവസം 4.5 കോടി രൂപയുടെ നഷ്ടമാണ് നേരിടേണ്ടിവന്നത്. തൊട്ടടുത്ത ദിവസം 10 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മൂന്നാം ദിവസം നഷ്ടം 12 കോടിയാണ്. മൊത്തത്തില്‍ ഇതുവരെ വരുമാനത്തില്‍ 27 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

സമരത്തിന്റെ തീരുമാനമാകാത്ത സാ‍ഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്കുള്ള ബുക്കിംഗ് കാര്യത്തില്‍ എയര്‍ ഇന്ത്യ തീരുമാനമെടുത്തിട്ടില്ല.

ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതലാണ് എയര്‍ ഇന്ത്യയുടെ പൈലറ്റുമാര്‍ സമരം ആരംഭിച്ചത്. ശമ്പളവര്‍ദ്ധനയല്ല മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് തങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന് സമരക്കാര്‍ പറഞ്ഞു. ഇന്ത്യന്‍ എയര്‍‌ലൈന്‍സ്- എയര്‍ ഇന്ത്യ ലയന സമയത്ത് പറഞ്ഞിരുന്ന വാഗ്ദാനങ്ങളൊന്നും മാനേജ്‌മെന്റ് പാലിച്ചിട്ടില്ല എന്നും ആവശ്യങ്ങള്‍ നേടുന്നത് വരെ സമരം തുടരും എന്നും സമരക്കാര്‍ വ്യക്തമാക്കി.

ഇതിനിടെ, സമരം നടത്തുന്ന ഐസിപി‌ടി‌എ എന്ന സംഘടനയുടെ അംഗീകാരം റദ്ദാക്കി. സംഘടനയുടെ മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫീസുകള്‍ അടച്ചുപൂട്ടി. ഡല്‍ഹി ഹൈക്കോടതി സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :